http://jayanedakkat.blogspot.com/

2010 മേയ് 2, ഞായറാഴ്‌ച

സീതാനഷ്ടം നമ്മെ അനുധാവനം ചെയ്യും

നോക്കൂ ഞങ്ങൾ മനുഷ്യരെ
പണ്ടെന്നോ പുലരിയും
 പടിഞ്ഞാറും
ലൈംഗീക പ്രജനനവും
 ഉണ്ടാകുന്നതിനു മുൻപ്
പുറപ്പെട്ട സമയത്തെ
 കീഴടക്കാൻ തപിപ്പവർ

പുംബീജങ്ങളുടെ
ഘോഷയാത്രയെ
അനുധാവനം ചെയ്യുന്ന
സൂതികർമ്മിണിയുടെ
ബീജഗണിത ജാഗ്രതയിൽ,
സിക്താണ്ടത്തിന്റെ
നിർഗുണപരബ്രഹ്മത്തിൽനിന്നും-
തുടങ്ങിയവർ.

ഭൂമീ..
നിന്റെ വീഥികളിൽ
ഞങ്ങൾ ശരവേഗം പായുകയാണു
ഒരു ഭൂമിപിളർപ്പ്
അതിലൂടെ പേഗൻ വൂഢൂവിന്റെ
മാസ്മരികതക്കൊപ്പം
സീതയും രാഷ്ട്രവും
ഒലിച്ചുപോകുന്നു.
രാഷ്ട്രനഷ്ടം രാമനെ
സൃഷ്ടിക്കുന്നു
സീതാനഷ്ടം പ്രബഞ്ചനഷ്ടം
വരുത്തുന്നു.

ഞങ്ങൾക്ക് രണ്ട് ആകാശങ്ങൾ
ഉണ്ടായിരുന്നു
 നീളത്തിലും ഉയരത്തിലും
ദ്വിമാനങ്ങളിലും ത്രിമാനങ്ങളിലും
നിന്റെ ഭാവുകത്വങ്ങളിൽ
 രാഗമേഘങ്ങളുടെ
ചതുർമാനങ്ങളും
 അനന്തമാനങ്ങളും അറിഞ്ഞു.

ഞങ്ങൾ എത്ര കൃത്യമായാണു
മരിച്ചിരുന്നത്
കൃത്യമായി
ജനിച്ചിരുന്നപോലെ
കാറ്റെല്ലാം മാറിവീശുന്നു.
അകാലത്തിലൊരു മഴ
പരാഗണനഷ്ടം പൊഴിക്കുന്നു.
അഴിക്കടിയിലുണ്ടായ പിളർപ്പിലേക്ക്
തിരയൊലിച്ചുപോയി,
കരകവരാൻ ഒരുകടലും.
ആകാശത്ത് കുഞ്ഞിളം കാറ്റുകൾ
സംഘംചേർന്ന് ചതിച്ചുഴി ചുറ്റി
.പശ്ചിമവാതങ്ങൾ വീശുന്നു.
വൃശ്ചികക്കാറ്റേൽക്കാതെ
കാച്ചിൽകിഴങ്ങ്
ഉഷ്ണപുപുണ്ണുമായുള്ള
സുരതം കാത്തുകിടക്കുന്നു.

ഒരിക്കലും മണ്ണിലൊരു
വിത്തു പാകി
മുളപ്പിക്കാൻ കഴിയാതെ
മരിച്ചുപോകാൻ
കാത്തിരിക്കുന്നവരും
ഇമെയിൽ വേഗത്തിൽ
 ആശംസാകാർഡിൽ
ഉമ്മകളയക്കാൻ കഴിയാതെ
മരിച്ചുപോയവരും
സമയത്തിന്റെ രണ്ടു
തുലാഭാരത്തട്ടുകളാണു.

ചുവന്ന ലൈറ്റിട്ട ഗതാഗത നിയമത്തിനു താഴെ,
ട്രാഫിക് സിഗ്നലിലെ
ഒരു തുള്ളി
പച്ചവെളിച്ചമായിമാറിയ കാടുകാത്ത്
കിടക്കുകയാണു ഞങ്ങൾ


2010 ഏപ്രിൽ 9, വെള്ളിയാഴ്‌ച

അസ്ഥിപൊടിഞ്ഞു മണ്ണുണ്ടാകുന്നു

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച
Love of beauty is taste. The creation of beauty is art--
Ralph Waldo Emerson
അസ്ഥിപൊടിഞ്ഞു മണ്ണുണ്ടാകുന്നു
////////////////////////////////////////////////////////////////
കുന്ദംകുളത്തുനിന്ന്
ചിറളയം സ്വരൂപത്തേക്ക് നടന്നുപോകുംപോള്‍
തെരുവിലേക്കു വാതില്‍ തുറക്കുന്ന
വീടുകള്‍കാണാം
അവള്‍പോലെ
വെളിച്ചത്തിലേക്കു തുറക്കുന്ന വാതിലുകള്‍.
മുരിങ്ങാകായ മുറിക്കാനറിയില്ലാ എന്നു
പറയാന്‍ പോലും
നാണമില്ലായിരുന്നു അവള്‍ക്ക്
അത്രക്കു സ്വാഭാവികമായിരുന്നു അവള്‍
പാറ പൊടിഞ്ഞു മണ്ണുണ്ടാകുന്നതുപോലെ.
മുരിങ്ങാകായ പോലെ മെലിഞ്ഞിരുന്നവള്‍
അസ്ഥിക്കൂടം തന്നെ
ഒരു പെണ്‍കുട്ടി ഇത്രക്കു മെലിയുമൊ?
വിവാഹാലോചനകള്‍മുടങ്ങുന്നതിനാല്‍
തടികൂടൂവാനുള്ള മരുന്നു കഴിക്കുന്നുവെന്നും
സാമ്പാറിനു കഷ്ണം അരിയുകയാണെന്നും
വിശേഷം പറഞ്ഞു.
ഒരു ഏപ്രില്‍മേട ഉച്ചക്ക്
മധ്യവേനല്‍ പരീക്ഷ കഴിഞ്ഞപ്പോള്‍
അവളെന്റെ അസ്ഥിയില്‍ പിടിച്ചിരുന്നു
വിഷമ വൃത്തത്തില്‍ ഒരു വിഷുവം.
മേടരാശിമാറിയോ എന്തോ?
എന്നോ എങ്ങിനേയോ
എന്റെ അസ്ഥിയൊക്കെ പൊടിഞ്ഞ്
മണ്ണായി
മണ്ണില്‍ മരവും
മരത്തില്‍ പൂക്കളും
മരത്തിനു കയറാന്‍ വിണ്ണുമുണ്ടായി.
ഉമ്മറവാതിലില്‍ തൂക്കിയിട്ട;
കസവുവാഴപ്പോള കൊണ്ട്
ഒരു മെലിഞ്ഞ മഞ്ഞക്കണിക്കൊന്ന പൂങ്കുലയെയും
തടിച്ച കണിവെള്ളരിയേയും ചേര്‍ത്തു കെട്ടിയതിന്മേല്‍
തലയിടിച്ചപ്പോള്‍
ഓര്‍ത്തു വീണ്ടുംനിന്നെ
നീ തടിച്ചുവോ? .



2010 മാർച്ച് 15, തിങ്കളാഴ്‌ച


ഞങ്ങളന്യോന്യം പിടയുന്നു 2006

2006
ഇനിയൊന്നും പറയാനില്ലേ?
ഇനിയൊന്നും പറായാനില്ലേ-
എന്ന്  സദാ
 ചോദിക്കുന്നൊരുപെണ്‍കുട്ടിയുണ്ട്.
സംസ്കൃതം ക്ലാസ്സുകളുടെ
പുരാതനമായ ഇറയത്തുനിന്ന്
യുദ്ധങ്ങള്‍ കൊണ്ട് പരുഷമായ
ചരിത്ര ഇടനാഴിയിലെത്തിയ
സഞ്ചാരിയാണിവള്‍.
 ലൗകികയുദ്ധത്തിനും വൈദിക സംസ്‌കൃതത്തിനും
ഇടയിലെ ചുവന്ന ഇടനാഴി.
പൂക്കളേയും പൂമ്പാറ്റകളെയും പറ്റി
പരീക്ഷകളേയും പുസ്തകങ്ങളേയും കുറിച്ച്,
പുതുവല്‍സരത്തെപറ്റി
അവളെപറ്റി,എന്നെപറ്റി,
പുതിയ പോരാട്ടങ്ങളെപറ്റിയൊക്കെ
അവളോട്  പറഞ്ഞിട്ടുണ്ട്
ഓര്‍ത്തു നോക്കുമ്പോള്‍ ഇനിയൊന്നും -
പറയാന്‍ ബാക്കിയില്ല.
അവൾക്കും
പിന്നേയും  ഇനിയൊന്നും പറയാനില്ലേ...
 ഇനിയൊന്നും
പറയാനില്ലേ.. എന്ന് അവൾ
ചോദിക്കുന്നതെന്തിനാണ്?
ഞാനവളോടിനി എന്തായിരിക്കാം പറയേണ്ടത്?.
ഇരയും വേട്ടക്കാരനും സഹകരിക്കുന്നതിനെ പറ്റി***
ചോദിച്ച് അവള്‍ ഒരിക്കൽ  ഞെട്ടിച്ചിട്ടുണ്ട്.
ദിവസം മുഴുവന്‍ ഒപ്പമുണ്ടാവുകയും
കാണുകയും സംസാരിക്കുകയും ചെയ്തിട്ട്
സന്ധ്യക്ക് രണ്ടായ് പിരിഞ്ഞ് വീടെത്തിയില്ല
അവളുടെ വിളി വീട്ടില്‍ പറന്നു കളിക്കുന്നു.
നാളെ കാണില്ലേ... നാളെ കാണില്ലേ...
 എന്ന്ചിറകടിക്കുന്നു.
ഒരു രാത്രി കഴിയുവാന്‍ പിടയുന്നു.
** ** ** ** ** ** ** **
ചുവന്ന ഫൈബര്‍  കസേരകളുടെ
  സദസ്സില്‍ ഞാനും.
മുന്‍പില്‍ വേദി
വേദിയിലേക്ക് പഴകിയ മരപ്പടവുകള്‍
വേദി വാക്യാർത്ഥസദസ്സ്
പോരാട്ട പ്രസംഗ വേദികളിൽ
പരിചയിച്ച എനിക്കുമുന്‍പില്‍
ഈ വേദി പുരാവസ്തു.
മയില്‍നീലപ്പാവാടയെ
ഇരു  തള്ളവിരലും ചൂണ്ടുവിരലും കൊണ്ടു-
യര്‍ത്തിപ്പിടിച്ച്
 നടന്ന് നടന്ന്...
വേദിയില്‍ ആ നൃത്തം അവസാനിച്ചു.
പിടഞ്ഞുവോ  ഞാൻ ...?
ഇല്ലെന്നു മുഷ്ടി  ഉയര്‍ത്തി.
 വേദിയില്‍ അവള്‍ ശ്രുതിസംഗീതം

ഇടനാഴികളില്‍ ഞാനുയര്‍ത്തിയ
മുദ്രാവാക്യങ്ങളൊക്കെയും
എന്റെ തൊണ്ടയെ
 പരുക്കനാക്കിയിരിക്കുന്നു.
ഇത്രയും നാളെന്റെ നിഴലായ് നടന്ന
ഈ സംഗീതത്തിനു
ഞാനെന്ത് പകരം നല്‍കും.
---------------------------------------------
"ഇരയും വേട്ടക്കാരനും സഹകരിക്കുമ്പോള്‍ ഇല്ലാതാകുന്നത് ഇര" എം. എന്‍. വിജയന്‍

2010 മാർച്ച് 13, ശനിയാഴ്‌ച

പ്രഥമം മധുരം

കന്യകയാണെന്നറിയാതെ
ഒരു കന്യക
മരുഭൂമിയിൽ നഗ്നയായി കിടക്കുന്നുണ്ട്
മരുപ്പച്ചയെ അടക്കിപ്പിടിച്ച
നീർത്തുള്ളിപോലെ


ആത്മാന്വേഷണത്തിന്
ഗോക്കളുമായി
പുറപ്പെട്ട ഒരാളുമായി
പ്രഥമമൈഥുനം ഉണ്ടായപ്പോൾ
കന്യാനുഭൂതിയറിഞ്ഞവൾ

 അവൾ അന്വേഷിച്ചത്
കാത്തുകിടന്ന്

കണ്ടെത്തികൊണ്ട്
അന്വേഷണം നടത്തി അയാൾ

രണ്ടു വിജാതീയ പരികല്പനകളിൽ
ഒരു മാംസ്യം
ജൈവ രാസ പ്രക്രിയകളെ
ത്വരിപ്പിച്ചിരിക്കുന്നു.

അതിപവിത്രവും
പ്രാകൃതവുമായ  ജൈവഭേദ്യം
യുദ്ധോൽത്സുകമായ ഘനീഭവിക്കൽ

ആത്മാനേഷക

മുറിച്ചിട്ടമരമാണെന്നറിയാതെ
ഇലകൾ വെളിച്ചവും
വേരുകൾ വെള്ളവും തേടി.

കന്യക


മരം പെയ്യുന്നു
മഴ തോർന്നതായിയാതെ

ഭോഗാലസ്യത്തിൽനിന്ന്
പ്രണയത്തിലേക്ക്
പരകായപ്രവേശം

ആത്മാന്വേഷണത്തിൻറെ പകുതിയും
കന്യാവനങ്ങളും പിന്നിട്ട്
മരുഭൂമി വീണ്ടും
ഏകയായി.

മരുഭൂമിയിൽഒരു യുഗ്മഗാനം
നേർത്തു നേർത്ത് ഇല്ലാതായി