http://jayanedakkat.blogspot.com/

2019 ഏപ്രിൽ 27, ശനിയാഴ്‌ച

തടികൂടൽ Getting Weight


അടുക്കളയോടുചേർന്ന
തെക്കേപ്പുറത്തെ ചെറിയ വരാന്ത
മൂലയിൽ വൃത്തിയുള്ള
ചപ്പുചവറിടാനുള്ള ബാസ്‌കറ്റ്‌
(കാലുകൊണ്ട് ചവുട്ടിത്തുറക്കാം)


(മൂക്കുപൊത്താം )
ഇന്നലത്തെ കാളന്റെ ലേശം
സദ്യയുണ്ട വാഴയില
ചായപ്പിണ്ടി പഴത്തൊലി
വാലും തലയുമില്ലാത്ത
രാഹുകേതുക്കളെപ്പോലെ *
കേടായ മൊബൈൽ ചാർജർ
എല്ലാറ്റിനെയും തൊട്ടുകൂടുന്നുണ്ട്
ഏറ്റവും മുകളിൽ ഫിൽറ്റർകോഫിയുടെ
കുപ്പി കുടിച്ചുബോധംകെട്ടതായി
അഭിനയിക്കുന്നുണ്ട്
ഒരു കാല്
തേങ്ങാപ്പാൽ ടിന്നിന്റെ വയറ്റത്താണ്
ആകെ നാനൂറുഗ്രാം ഉണ്ടാകും

നാനൂറുഗ്രാമത്തിനു  വേണ്ടി
ഒരു ഗ്രാമത്തെയും
ഒരു ഗ്രാമത്തിനുവേണ്ടി
ഒരു ഗോത്രത്തെയും
ഒരു ഗോത്രത്തിനുവേണ്ടി
ഒരു കുടുംബത്തേയും
ഒരു കുടുംബത്തിനുവേണ്ടി
ഒരു വ്യക്തിയേയും
ഒരു വ്യക്തിയുടെ
ആരോഗ്യത്തിനു വേണ്ടി
ഒരു മാലിന്യം തള്ളുന്ന
ഫാക്ടറിയേയും വേണ്ടെന്നു വെക്കാം
(മൂക്കുതുറക്കാം )

നാനൂറു ഗ്രാമിനെ
ഒരു കിലോഗ്രാമാക്കി മാറ്റണമെന്ന്
ഗണിത നിർബന്ധങ്ങളില്ലെങ്കിലും
മദ്ധ്യവേനലിൽ ചക്കച്ചവുണിയെ
ആഗസ്തിൽ  സ്വാതന്ത്ര്യ ദിനത്തിലെ
മിഠായി കവറുകൾ
സെപ്തംബറിൽ നേന്ത്രവാഴ തണ്ടുകൾ
ഡിസംബർ -ജനുവരിയിൽ
കെയ്ക്കുകളുടെയും ഗിഫ്റ്റുകളുടെയും
കവറുകൾ തുടങ്ങിയവയെ
ആശ്രയിക്കാവുന്നതാണ്

അറുനൂറുഗ്രാം പല ഋതുക്കളിൽ
പല വസ്തുക്കളാൽ ഉണ്ടായി
ശുചീകരണ തോഴിലാളിയാൽ
ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യമലയിൽ
എത്തിപ്പെടും .
മല വർദ്ധനവ്  രേഖപ്പെടുത്തുമെങ്കിലും
സംസ്‌കരണ യന്ത്രങ്ങൾ
മലവർദ്ധനവിനെ നിയന്ത്രിക്കും.

ശൈശവ ബുദ്ധിയിൽനിന്നും
വാർദ്ധക്യബുദ്ധിയിലേക്ക്‌
എത്തുന്നതിന്റെ സംബന്ധം
അന്വേഷിക്കുന്നത്
അസംബന്ധമാണ് എന്നതാണ്
തടികൂടൽ പ്രക്രിയകൊണ്ടുദ്ദേശിക്കുന്നത്
----------------------------
 * Rahu and Ketu is considered as two strong planetsas per the principles of Indian Vedic Astrology. But astronomically, they do not exist. ... When Moon moves from South to North in its orbit and crosses Sun's path – the incision point is called Rahu or Dragon's Head.According to Vedic astrology Rahu and Ketu are shadow planets. Even though they don’t have a physical existence, they are mathematical points in the sky.













2019 മാർച്ച് 25, തിങ്കളാഴ്‌ച

ഒരേമരണവീട്ടിലേക്ക് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിക്കാതെ സഞ്ചരിക്കുന്നതിന്റെ സാങ്കേതികത്വം


ഒന്ന്
------
മധ്യവേനലവുധിക്കു തൊട്ടുമുൻപ്
മരണവീട്ടിലേക്ക് കൊച്ചിമെട്രോയിൽ
യാത്രചെയ്യുമ്പോൾ
തൊട്ടുരുമ്മിയേ നിൽക്കേണ്ടാത്ത
വിനോദയാത്രികരാം കുടുംബത്തോട്
ഒന്നും മിണ്ടേണ്ടതില്ലെന്ന നിഗൂഢ
സന്തോഷം ഇരച്ചുകയറുന്നു
മരിച്ച ദുഃഖത്തിൽനിന്നങ്ങിനെ
വിടുതൽ കിട്ടുന്നു 

രണ്ട്
-----
മധ്യവേനലവുധിക്കു തൊട്ടുമുൻപ്
ജയന്തിജനതട്രെയിനിൽ യാത്രചെയ്യുമ്പോൾ
തൊട്ടുരുമ്മിയിരിക്കുന്ന
ശബരിമല തീർത്ഥാടകരോട്‌
ചിരിക്കാതെ ,മിണ്ടാതെ ,ഒരുകുടുംബം
അമ്മയും അച്ഛനും രണ്ടുമക്കളും
മകൻറെ കുട്ടിയും.
നിശബ്ദതയിൽ വീർപ്പുമുട്ടി
യാത്രികരെ ആന്ത്രാപ്പാടങ്ങളിലുപേക്ഷിച്ച്‌
ട്രെയിൻ സൂര്യകാന്തിപ്പാടത്തിലൂടെ
  മറയുന്നു
പ്രതീക്ഷിച്ച വേനൽമഴയിൽ
കുടപറന്നുപോയവരെപ്പോലെ
കുറച്ചുനേരം മേൽപ്പോട്ടുനോക്കിനിന്നശേഷം
മഴന്നനഞ്ഞ കുടുംബം
ശവസംസ്കാരച്ചടങ്ങിനെക്കുറിച്ചു
 മറന്നുപോയി

മൂന്ന്
---------
മധ്യവേനലവുധിക്ക്‌ തൊട്ടുമുൻപ്
മരണവീട്ടിലേക്കുള്ള ദൂരം
അതിവേഗം താണ്ടുന്ന
ദില്ലി നിസാമുദ്ധീൻ എക്സ്പ്രസ്സ് ;
വാർഷീകപ്പരീക്ഷ കഴിഞ്ഞെന്നപോലെ
റവലഡ്ഡുവും മൈസൂർപ്പാക്കും
അതിരസവും വിളമ്പുന്നു .
കൊങ്കിണിയിൽ
അന്ത്യാക്ഷരികളിക്കുന്നുണ്ടവർ
മർമ്മ ഗോവയിൽനിന്നുംകയറിയ ഫെനി*
കൊച്ചിയെത്തുംവരെ വാചാലമായിട്ടുണ്ട്
അനന്തപൈയുടെ
 അമർചിത്രകഥകൾ കേൾക്കാൻ
മന്ദമാകുന്ന റയിൽമാറ്റൊലി
മരിച്ചത് മറന്നതിനാൽ
കൊച്ചിയെത്തിയപ്പോൾ
പൈബ്രദേഴ്‌സിന്റെ തട്ടുകടയിൽ കയറി
എല്ലാവരും ദോശകഴിക്കാനിരുന്നു .
------------------------------------------
*  ഗോവൻ മദ്യം 








2019 ഫെബ്രുവരി 17, ഞായറാഴ്‌ച

മാപ്പുനൽകീടല്ലേ..... *****************************

മാപ്പുനൽകീടല്ലേ.....
*****************************
ദുഷ്ടജയ്ഷെമുഹമ്മ-
ദരോടുപൊറുത്ത ഭീരു
തത്ത്വം പറയാൻ വന്നീടാ -
തീ ജന്മമൊടുങ്ങുംവരെ


വീരത സൈനികരായ്
തുടരുന്നസ്സുധീരത
അണമുറിക്കാൻ കൊതിച്ച
ഹീനരെനിങ്ങൾക്കുതെറ്റി

ഗ്രാമഗ്രാമങ്ങളിൽ തീർക്കും
നഗരട്ടെറസ്സുകളിലും തീർക്കും
കശ്മീരദേശത്തെ കാക്കും
ശ്രീജവാനുള്ളൊരാ ക്ഷേത്രം

പതറാതെ ചുടുരക്തം
കുട്ടിക്കെന്റെ പരുത്തിപ്പാടം
ചെം പഞ്ഞിനൂലാലെയേറും
പട്ടാളവേഷത്തിൻ മാറ്റ്

പൊട്ടാ ധമനികൾ തീർക്കാം
തകരാ പേശികൾ ചേർക്കാം
ഉലയാ മാംസം തീർക്കാം
ഉടയാ നെഞ്ചുവിരിക്കാം

പെരുംരക്തപ്രതിഷ്ഠയിൽ
നിത്യയൗവ്വനം പകരും
ജമ്മുകാശ്മീരമാകട്ടെ
ഭാരതവർഷത്തിൻ തത്ത്വം

2019 ജനുവരി 9, ബുധനാഴ്‌ച

പണ്ടൊരിക്കൽ 2018ലെപ്രളയത്തിൽ

പണ്ടൊരിക്കൽ  2018ലെപ്രളയത്തിൽ
-------------------------------------------------
വൃഷണസഞ്ചി വിരൂപമായെന്നുള്ള ,
വൃദ്ധസുഹൃത്ത് വൃത്തനിബദ്ധമായി
വച്ചുകൂട്ടിയെഴുതിയത്
ആലപിക്കപ്പെടാതിരുന്നത്
പ്രളയകാരണങ്ങളിൽ
അവസാനത്തേതാണെന്നൊരു
സ്മൃതിയുണ്ട്

പരിണാമയാനത്തിൽനിന്നും ഇറങ്ങി
ഉരഗഘട്ടങ്ങളിൽ സ്നാനംചെയ്ത്
യാത്രതുടരാതിരുന്നതാണ്
പെണ്ണായും മരമായും
പിറക്കാനിടയായതെന്നു
പറയുമ്പോഴേക്കും  പക്ഷേ
അതിൻറെ വൃത്തം പൊട്ടിപ്പോകുന്നു

സഞ്ചിതകർമ്മങ്ങൾ  ടൂത്ത്ബ്രഷിന്റെ
നാരുകൾക്കുമേലെ  ഉറങ്ങുന്ന
വെളുത്ത പ്യൂപ്പാദശയിൽ
ശരശയ്യയിലെ ഭീഷ്മരെ പോലെ
ഉത്തരായണകാലംവരെ കാത്തിരിക്കും
പിന്നെ കിറുകൃത്ത്യമായി
ചിത്രശലഭമായി പറന്നുപോകും

ചിറകടിയിൽ തുടിക്കുന്ന മേഘങ്ങൾ
കാർവർണ്ണമാർന്ന പ്രളയദൂതനെ
പ്രസവിച്ചയുടനെ രഹസ്യമായി
പുഴയിലൊഴുക്കും

വീട്ടിലെ അഴുക്കുവെള്ളം
പുത്തേക്കൊഴുക്കിവിടാനിട്ട
ലിംഗത്തിലൂടെ
പ്രളയജലം അകത്തുകയറി
പുസ്തകത്തെ തൊട്ടപ്പോൾ
ഓർത്തു ,
പുസ്തകത്തിന്റെ നപുംസകലിംഗത്തെ
സംസ്കൃതത്തിൽ 'പുസ്തകം '

ഉരഗങ്ങളില്ലായിരുന്നെങ്കിൽ
മരങ്ങളും പെണ്ണുങ്ങളുമില്ലാത്തിടത്ത്
പിറക്കേണ്ടേ വന്ദ്യവയോധികാ .... ?
എന്ന് ചോദിക്കുംമുമ്പ്
പ്രളയം തുടയിടുക്കുകളിൽനിന്നും
നാസാഗ്രം കടന്ന്‌ കുമിളകൂട്ടി

ജലമൃഗതൃഷ്ണികയിൽ
മലർന്നുകിടന്ന്
കാലിലെ പെരുവിരലുണ്ണുന്ന
പല്ലില്ലാ മുതുമുത്തശ്ശനോടുള്ള
ആ ചോദ്യം
ജഡശരീരങ്ങൾ പൊന്തിക്കിടക്കുന്ന
പ്ലവനതത്ത്വത്തോടും  ചോദിച്ചു *
-----------------------------------------------------------

Buoyancy theory

In physics, buoyancy (/ˈbɔɪənsi, -əntsi, ˈbuːjənsi, -jəntsi/) or upthrust, is an upward force exerted by a fluid that opposes the weight of an immersed object. In a column of fluid, pressure increases with depth as a result of the weight of the overlying fluid.
the power of a fluid to exert an upward force on a body placed in it
 the tendency of a body to float or to rise when submerged in a fluid


2018 നവംബർ 11, ഞായറാഴ്‌ച

ജലതരംഗം


നെറ്റ്സ്‌ലോ ആയൊരു തൃസന്ധ്യ
പുകഞ്ഞു കത്തുന്നു
സാന്ധ്യഛവിയിൽനിന്ന്   ഒരു പകൽനേരം
പോക്കുന്നു
ടവർ വേഗം കിട്ടാനായ്
വീടിനുപുറത്തെ 'മൈലെള്ള്'
എന്നുപേരുള്ള വൃക്ഷത്തിൻറെ ചുവട്ടിലേക്ക്
മാറിയിരിക്കുന്നു ലാപ്ടോപ്

കുശപ്പുല്ലും കറുകയും നിരന്നിടത്തേക്കു
മാറിയെങ്കിലും
നെറ്റ് പഴയപടി തന്നെ

കൃഷ്ണസാത്മ്യമുണ്ടാക്കുന്ന
കവിളുള്ളവൾക്കു വിളിച്ചുചോദിക്കാമെന്നു
വിചാരിച്ചാൽ
അവൾ കുട്ടിക്കാലത്തേക്ക് വിനോദയാത്ര
പോയിരിക്കുകയാണ്
അവിടുന്ന് ശിലായുഗത്തിലേക്കു പോകും
മരുന്നുകൾ ഉണ്ടാകുന്ന മന്ത്രമാണ് വിഷയം

'വയ്യങ്കതാവ്' എന്ന ഓഷധി
വാത്മീകത്തോടുകൂടിയിരിക്കുന്നിടത്തേക്ക്
മാറിയിരുന്ന്
മരാ മരാ മരാ മരാ മരാ മരാ മരാ
മരാ മരാ മരാ മരാ മരാ മരാ മരാ
എന്ന് കുറേ ജപിച്ചെങ്കിലും
നെറ്റ് വേഗം കൂടിയില്ല

തരംഗരൂപത്തിൽ സഞ്ചരിച്ചിരുന്ന
ജലത്തെപ്പറ്റി
ചോദിക്കേണ്ട സമയമിതല്ലെങ്കിലും
ഒരു ടവറിൽനിന്നും മറ്റൊരു ടവറിലേക്കുള്ള
തരംഗദൈർഘ്യത്തിൽ  ഞെരുങ്ങി
ഋതുക്കൾ വരാൻ വൈകുന്നത്
ജലപ്രായമായ പെൺകുട്ടിയുടെ
സ്‌നിഗ്‌ദ്ധങ്ങളായിട്ടുള്ള
മുടിയിഴകളെ ബാധിക്കും

2018 ഏപ്രിൽ 16, തിങ്കളാഴ്‌ച

ആരാണ് ആദ്യമെന്നും എന്തെന്നും ആശ്ചര്യംകൂറിയ ആസ്പത്രിഉപകരണങ്ങൾ

2018, മാർച്ച് 5, തിങ്കളാഴ്‌ച




ഒരിക്കൽ ആക്രിവാങ്ങിവിൽക്കുന്നയാൾ
ഗർഭിണിയാകാറായവൾ കൊണ്ടുവന്ന *
പഴയ പാട്ട ഇരുമ്പ് കുപ്പി
പ്ലാസ്റ്റിക് നോട്ടുബുക്
കൊടുക്കാനുണ്ടോയിൽനിന്നു കിട്ടിയ
കവിതയെ
വലിച്ചുനീട്ടി നിവർത്തി
അതിലെ പദ്യം കളയുകയായിരുന്നു

സോഫാ സ്പ്രിങ്ങുകളെ
നിവർത്തത്തിനേരെയാക്കി ഉണ്ടാക്കിയ
കമ്പിച്ചൂലിലേക്ക്‌
നിവർന്ന കവിതയെ
തിരുകിവച്ചശേഷവും
പദ്യമൊഴിഞ്ഞുപോയ കവിതകൾ
പഴയപോലെ
 ആലപിക്കപ്പെടുന്നതുകണ്ട്‌
ബാക്കി ഈർക്കിളുകൾ
വളഞ്ഞു ചുരുളുവാൻ തുടങ്ങി

ചുരുണ്ടുചുരുണ്ട്
ഗർഭസ്ഥശിശുവോളമായപ്പോഴേക്കും
പ്രസവവേദനയിൽ
ആംബുലൻസും ആസ്പത്രിരംഗവുമുള്ളൊരു
സിനിമ
വിവാദഗർഭത്തെ
അലസമായി ചിത്രീകരിച്ചു

കന്നിപ്രസവമെടുത്ത
വിദ്യാർത്ഥിനഴ്‌സ്
സുഖപ്രസവങ്ങൾക്കായി  തുറന്നിട്ട
വാതിലുകളുടെ
വിജാഗിരികൾക്ക്
രഹസ്യനിറമുള്ള ചായംതേക്കാനായി
പ്രാഥമികവർണ്ണങ്ങളെ
തിരിച്ചും മറിച്ചും കലർത്തികൊണ്ട്
പരീക്ഷണങ്ങൾ നടത്തി

എന്തുകുട്ടിയെ
ആരാണു പെറ്റതെന്ന്
ആശ്ചര്യം കായുന്ന
കവിതാ ആസ്വാദകർക്കിടയിൽനിന്നു
നവജാതശിശുവിനെ
ചരാചരബന്ധുക്കളിലേക്ക്
നഴ്‌സ് കൊണ്ടുവരുന്നതോടെ
നാടകം തുടങ്ങുകയായി
-------------------------------------------------
 അമ്മയാകാനുള്ള ജൈവചോദന *

2018 മാർച്ച് 5, തിങ്കളാഴ്‌ച

ആരാണ് ആദ്യമെന്നും എന്തെന്നും ആശ്ചര്യംകൂറിയ ആസ്പത്രിഉപകരണങ്ങൾ

ആരാണ് ആദ്യമെന്നും എന്തെന്നും ആശ്ചര്യംകൂറിയ ആസ്പത്രിഉപകരണങ്ങൾ
--------------------------------------------------------------------------------
ഒരിക്കൽ ആക്രിവാങ്ങിവിൽക്കുന്നയാൾ
ഗർഭിണിയാകാറായവൾ കൊണ്ടുവന്ന *
പഴയ പാട്ട ഇരുമ്പ് കുപ്പി
പ്ലാസ്റ്റിക് നോട്ടുബുക്
കൊടുക്കാനുണ്ടോയിൽനിന്നു കിട്ടിയ
കവിതയെ
വലിച്ചുനീട്ടി നിവർത്തി
അതിലെ പദ്യം കളയുകയായിരുന്നു

സോഫാ സ്പ്രിങ്ങുകളെ
നിവർത്തത്തിനേരെയാക്കി ഉണ്ടാക്കിയ
കമ്പിച്ചൂലിലേക്ക്‌
നിവർന്ന കവിതയെ
തിരുകിവച്ചശേഷവും
പദ്യമൊഴിഞ്ഞുപോയ കവിതകൾ
പഴയപോലെ
 ആലപിക്കപ്പെടുന്നതുകണ്ട്‌
ബാക്കി ഈർക്കിളുകൾ
വളഞ്ഞു ചുരുളുവാൻ തുടങ്ങി

ചുരുണ്ടുചുരുണ്ട്
ഗർഭസ്ഥശിശുവോളമായപ്പോഴേക്കും
പ്രസവവേദനയിൽ
ആംബുലൻസും ആസ്പത്രിരംഗവുമുള്ളൊരു
സിനിമ
വിവാദഗർഭത്തെ
അലസമായി ചിത്രീകരിച്ചു

കന്നിപ്രസവമെടുത്ത
വിദ്യാർത്ഥിനഴ്‌സ്
സുഖപ്രസവങ്ങൾക്കായി  തുറന്നിട്ട
വാതിലുകളുടെ
വിജാഗിരികൾക്ക്
രഹസ്യനിറമുള്ള ചായംതേക്കാനായി
പ്രാഥമികവർണ്ണങ്ങളെ
തിരിച്ചും മറിച്ചും കലർത്തികൊണ്ട്
പരീക്ഷണങ്ങൾ നടത്തി

എന്തുകുട്ടിയെ
ആരാണു പെറ്റതെന്ന്
ആശ്ചര്യം കായുന്ന
കവിതാ ആസ്വാദകർക്കിടയിൽനിന്നു
നവജാതശിശുവിനെ
ചരാചരബന്ധുക്കളിലേക്ക്
നഴ്‌സ് കൊണ്ടുവരുന്നതോടെ
നാടകം തുടങ്ങുകയായി
-------------------------------------------------
 അമ്മയാകാനുള്ള ജൈവചോദന *