http://jayanedakkat.blogspot.com/

2011 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

അകാരാന്തം

അകാരാദ്യം ആദ്യം
അനന്തം അദമ്യം അതുല്ല്യം
അനുഭൂതിയാകുമീ ആദ്യങ്ങള്‍
പ്രാക്തന നൈമിത്തിക പ്രളയമീ ഭ്രമം
ദ്രുതഗമനം മിഥ്യാ,തഥ്യാ?
ഝടുതിയില്‍ അടവിയിലൂടെ
കളകളാരവം കുളിര്‍ചിലച്ച്
കുയില്‍ കൂത്തുപാട്ടുപാടി
ഭൂപിളര്‍പ്പിലൂടൊരു പിറപ്പ്.

അകാരാദ്യ ശബ്ദം ആദ്യാരവം
കണ്ണുമിഴിഞ്ഞ, മനം മിഴിഞ്ഞ ശരീരം
അന്നവും ആശയവും തഴപ്പിച്ച
അകവും പുറവും.
പുറം ;പൂവിട്ട നടുമുറ്റം,കണ്ണൂകള്‍ കാന്തികള്‍
അടിമുടി നടനം
അനുപമ സൗന്ദര്യമീ ഉടല്‍ സൗരഭ്യം.
ഉടലുടുത്തത് മഴയാല്‍ ,മലരാല്‍ ,
മലരണിക്കാടാല്‍
അദമ്യരാഗമീ ഉടലൂടൂത്ത ഉയിരിലില്‍
എതിരുടലോ  മറുപാതിയോ തേടുന്നു.
ജരവരുന്നൂ നരവരുന്നൂ... കാലം
കാറ്റുപാട്ടു പാടുന്നുവെങ്കിലും

നിയതി വെട്ടിയ വഴിയോരത്ത്
പിറന്നപടി പൂക്കള്‍
മരുന്നിലേക്കും കണ്‍മഷിക്കൂട്ടിലേക്കും
മന്ത്രങ്ങളിലേക്കും ചാന്തിലേക്കും.

പടവുകളിറങ്ങി
കാല്‍ പുഴ തൊട്ടില്ല
ഉയിരുരിഞ്ഞ ഉടല്‍ പ്ലവന തത്ത്വാല്‍
ഓളപ്പരപ്പില്‍

ഇകാരാന്ത ശബ്ദം 'അഗ്നി' അരങ്ങിലേക്ക്
ആ... (അന്ധ) അന്ത്യകാരാന്ത്യമീ ശബ്ദം സര്‍വ്വസ്വം.

2011 ജൂൺ 4, ശനിയാഴ്‌ച

നീ ഏപ്രിലില്‍

പ്രിയ തനുജേ
ഏപ്രില്‍ നാലാം തിയതി
പാഞ്ഞാളില്‍ അതിരാത്രം തുടങ്ങുമ്പോള്‍
എല്‍ ഡി ക്ലാര്‍ക്കു പരീക്ഷാപരിശീലന -
ക്ലാസില്‍നിന്നും പുറത്തുവന്ന്
അതിസന്ധ്യപോലെ നീ വിഷുവിനും
തിരഞ്ഞെടുപ്പിനും ഇടയിലൂടെ
കടന്നുപോകും.

റങ്ക് ലിസ്റ്റില്‍ വച്ച് ചതിക്കപ്പെടുകയില്ലന്ന
വിശ്വാസത്തില്‍
കറുപ്പു മഷിയിടാന്‍ കൈവിരല്‍ നഖം നീട്ടും.
യാഗാവസാന ദിവസം ഒരു സാന്ധ്യഛവിപോലെ
ചിതിക്കരുകില്‍ നില്‍ക്കും.
പിന്നെ
യാഗാഗ്നി സൂഷിക്കാനായി
അസമ ദിനരാത്രങ്ങളിലേക്ക് ഉണര്‍ന്നെണീക്കാന്‍
യജമാനനെ വരിക്കും.
അസ്വാഭാവികമായി കാറ്റുവീശുമ്പോള്‍
വിളക്കു കെടാവിളക്കാകാന്‍
ഇരു കൈകളും കൊണ്ട് പൊത്തിപ്പിടിക്കുമ്പോള്‍
വിരല്‍നഖത്തിലെ കറുത്തമഷിക്കുത്തുകണ്ട്
പരിഭ്രമിച്ചേക്കും
പുറത്തുനിന്ന് ആഹ്ലാദപ്രകടനാരവങ്ങള്‍
കേള്‍ക്കുന്നുണ്ടെങ്കിലും.

2011 ഏപ്രിൽ 30, ശനിയാഴ്‌ച

മധ്യപൂര്‍വ്വദേശത്ത്

മധ്യപൂര്‍വ്വദേശത്ത്
 വിപ്ലവം ഫേസ്ബുക്കിലൂടെ
തെരുവിലേക്കെത്തുന്ന വീട്ടുമുറ്റത്തേക്കെത്തുന്ന
തുടിക്കുന്ന  ഓൺലൈൻ
പേറുന്നു തീപ്പന്തങ്ങള്‍
പൂക്കളുടേയും നിറങ്ങളുടേയും പേരുള്ള--
വിപ്ലവങ്ങള്‍
അതിവേഗത്തില്‍ ബാഷ്പീകരിക്കപ്പെട്ടുപോയ
സുഗന്ധദ്രവ്യങ്ങള്‍ അമ്മ്ലമായ് ഘനീഭവിക്കുന്നു.

പ്രിയ നാദിയാ
ദുബായിലാണു ഞാന്‍ ജോലിചെയ്യുന്നതെങ്കിലും
വാടക കുറവുള്ള ഷാര്‍ജയിലാണുതാമസം
അവീര്‍ മാര്‍ക്കറ്റില്‍ നിന്റെ ഉപ്പ ജോലി
ചെയ്തിരുന്ന ഇടം ഞാന്‍ കണ്ടു
ചിത്രകാരനും ബ്രഷുമില്ലാതെ
നിറക്കൂട്ടുകളുടെ ഉണങ്ങിയ പാടുകളുമായി
ഒരു ഡിഷ്
നിന്റെ നിറങ്ങളുടെ ഛായയുള്ള
ചായങ്ങളുടെ പാടുകള്‍
കഴിഞ്ഞ തീപ്പിടുത്തത്തില്‍ നിന്നും
രക്ഷപ്പെട്ടു കിടപ്പുണ്ട്.

ദൈരയില്‍നിന്ന് ബര്‍ദുഭായ് അമ്പലത്തിലേക്ക്
അബ്ര കടക്കുമ്പോള്‍
മണത്തല ഹൈസ്കൂളിലുണ്ടായിരുന്ന
എസ് എഫ് ഐ യുടെ ശശിയെ
ശ്രീകൃഷ്ണ കോളേജിലെ ഗസ്റ്റപ്പോയിലുണ്ടായിരുന്ന
ഷിനോജിനേയും ജയശ്രീയേയും
കുമാരന്‍മാഷുടെ സ്കൂളില്‍ പഠിച്ചിരുന്ന
വേല്‍തൈലം എന്ന വിളിപ്പേരുണ്ടായിരുന്ന
സജീനയേയും കുടുംബത്തേയും കണ്ടുമുട്ടി.

മരങ്ങളുടേയും ജലവിതാനങ്ങളുടേയും
ഇടയില്‍നിന്ന് മരുഭൂമിയിലേക്കു വന്ന്
മരം വെച്ചുപിടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ
ഉദ്വിഗ്നതകള്‍ സങ്കുചിതമായി നടത്തിയ
ബീജസങ്കലനം പോലെ വിളര്‍ത്തുകിടക്കുന്നു .

പിന്നെ
പലരുടേയും ആള്‍ക്കാര്‍
പല കാലങ്ങളില്‍നിന്നും
പടിയിറക്കപ്പെട്ടവര്‍

നജീബുള്ളയുടെ, സദ്ദാമിന്റെ,
അറാഫത്തിന്റെ,ഹരീരിയുടെ
ന്റെ, യുടെ ആള്‍ക്കാര്‍എന്ന്
അഭിമാനിക്കുന്നവര്‍
കുര്‍ദുകള്‍,നോപാസ്പോര്‍ട്ടുകാരായ
ബലൂചികള്‍
ഗാസയില്‍നിന്നുള്ളവര്‍,
ഗോലാന്‍ കുന്നുകളില്‍ നിന്ന്
ഡാര്‍ഫറില്‍ നിന്ന്,വസീരിസ്താനില്‍നിന്ന്
ഗ്രോസ്നിയില്‍ നിന്ന്
തെക്കും വടക്കുമായ് മാറിയ സുഡാനില്‍നിന്ന്.

ജുമൈരാ ബീച്ചില്‍ വെടിയേറ്റുമരിച്ച
ചെച്നിയന്‍ യുദ്ധനേതാവ്
റൊട്ടാന ഹോട്ടലില്‍ കൊല്ലപ്പെട്ട
ഹമാസ് നേതാവ്
ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടക്കുന്ന ഈജിപ്ഷ്യന്‍
ഗായിക സൂസന്‍ തമീം

എമിറാത്തികളായി മാറിയ മലബാറികള്‍
അറബി സഹോദങ്ങളായ നമ്മുടെ
കാദര്‍,അഷറഫ്,അക്ബര്‍,ഷമീറ,ആമിന
തെക്കരകത്ത് കരീം ഹാജി.
എമിറാത്തിവീടുകളിലെ ഉത്തരങ്ങളിലെ
മരങ്ങള്‍
കത്തികള്‍ പാത്രങ്ങള്‍ ,സമോവറുകള്‍.

പച്ചപ്പട്ടാളച്ചിട്ടകള്‍ക്കപ്പുറം
മനുഷ്യാഭിമാനത്തിന്റെ ജാഗ്രപ്പെടുത്തലുകളുടേയും
ബലികുടീരങ്ങളിലഭിമാനിക്കാന്‍ ഇനിയുമേറെയുണ്ടെന്ന
ഗാനങ്ങളാലും മുഖരിതമാകുന്ന
സോഷ്യല്‍ സാഹോദര്യ നെറ്റുവര്‍ക്കുകള്‍.

ചാറ്റ് മുറിയില്‍
വെബ് ക്യാമറക്കെണിയില്‍
നഗ്നമാംസവും കോര്‍ത്തിട്ട്
ഒളിഞ്ഞിരിക്കുന്നവരെ നിരാകരിച്ചുകൊണ്ടു ചിലര്‍
ജനാധിപത്യത്തെ പറ്റി പറയാന്‍ വരുന്നു.
ഫാംവില്ലെകളില്‍ നിന്നും
ഗെയിംസ് മുറികളില്‍ നിന്നും
വിമതലൈംഗിക കൂട്ടങ്ങളില്‍നിന്നും
രതിയുടെ നിരുക്തവും നിരര്‍ത്ഥവും
പര്യായവും വിപരീതവും അര്‍ത്ഥവും അനര്‍ത്ഥവും
പറഞ്ഞ് സമയം ധൂര്‍ത്തടിച്ചിരുന്നവര്‍
പോരാട്ടങ്ങള്‍അന്വേഷിക്കുന്നു.

തന്റെ, മരുഭൂമിയിലെ ബദൂവിയന്‍ ഗോത്ര പൂര്‍വ്വികര്‍ക്ക്
മരുഭൂമിയില്‍ തുഴയാന്‍
ബ്രിട്ടീഷുകാര്‍ ലാന്റ് റോവര്‍ കാറുകള്‍ നല്‍കിയതും
അവര്‍ ഇന്ത്യയില്‍നിന്ന് ഉരുവിലെത്തിയ
അരി രുചിച്ചതും
അവര്‍ ദൈവത്തോടു പ്രതിഷേധിച്ച്
പ്രാര്‍ത്ഥിക്കാതിരുന്നിരുന്നതും
ചിലപ്പോള്‍ തര്‍ക്കിച്ചിരുന്നിരുന്നതും
ഫാള്‍ക്കണ്‍ പക്ഷി നോട്ടങ്ങളില്‍ മരുഭൂമിയറിഞ്ഞതും
ഒട്ടകസഫാരിക്കിടയില്‍
തുകല്‍ സഞ്ചിയിലെ ദാഹജലത്തില്‍ നിന്നും
മരുപ്പച്ച വിതച്ചതും
മരീചികകള്‍ കീഴടക്കാന്‍
മരം വച്ചുപിടിപ്പിച്ചിരുന്നതും
ദൈവവിശ്വാസമില്ലാത്ത മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗിനെ
അറിയിക്കാന്‍
ഫേസ്ബുക്കിലെ ബദൂവിയന്‍
 കൂട്ടുകാരനു കഴിയുന്നിപ്പോള്‍.

മധുരം കാരക്കയുടെ കാഠിന്യത്തിനകത്തു
ഞെങ്ങി ഞെരുങ്ങിക്കഴിയവെ
മലബാറില്‍ നിന്നു വരുന്ന
വാഴപ്പഴത്തിലും
തെക്കുകിഴക്കേഷ്യയുടെ ചെറുതേനിലും
മധുരം ഏറെ മധുരിച്ചുപോയിരികുന്നത്
മധ്യേഷ്യയിലെത്തുമ്പോഴാണ്.

പൊട്ടിയ ഞെക്കിത്തുറപ്പന്‍ പേനയുടെ
സ്പ്രിങ്ങുപോലെ ലിപികള്‍ മധ്യേഷ്യന്‍
മരുക്കാറ്റില്‍ നിവരാന്‍ തുടങ്ങിയപ്പോള്‍
സബ്സഹാറന്‍ ഉച്ചാരണത്തില്‍
വള്ളിപുള്ളികള്‍ ഉരിഞ്ഞ്
കാവത്തും കാട്ടുതേനും ഭക്ഷിച്ച്
പട്ടുനൂല്‍ പാതയിലൂടെ മുദ്രാവാക്യമായി
ഐവറികോസ്റ്റിലെ കൊക്കോയ്ക്ക് സാന്ത്വനം
നേര്‍ന്ന്
ജീന്‍സിനും റ്റീ ഷര്‍ട്ടിനുമുള്ളില്‍ കുടിയുറങ്ങുന്ന
ലിബിയന്‍ ,അള്‍ജീരിയന്‍,ടുണീഷ്യന്‍
ഗോത്ര വീര്യങ്ങളുടെ സംഘഗാനങ്ങളില്‍
‍വരികളായി നഗരങ്ങളിലേക്ക്.

നഗരത്തില്‍
നങ്കൂരമിട്ട കപ്പലുകളേപ്പോലെ
ഷോപ്പിംഗ് മാളുകള്‍
ചരിത്രവ്യക്തിത്വങ്ങളുടെയും
വിശ്വാസങ്ങളില്‍ നിന്നും നാമകരണം ചെയ്യപ്പെട്ട
ഇബുന്‍ബത്തൂത്ത മാള്‍
മാള്‍ ഒഫ് എമിറേറ്റ്സ്,ബുര്‍ജുമാന്‍,
പലചരക്കു വ്യാപാരതിന്റെ അവസാനവാക്കായ
ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളും
എമിറാത്തികള്‍ക്ക് അന്നം
രുചിപ്പിക്കാന്‍
ഗുജറാത്തില്‍നിന്നു ഗോതമ്പുമായെത്തിയ
പഴയ കപ്പലുകള്‍
 'ചൊയിത്രം' സൂപ്പര്‍മാര്‍ക്കറ്റുകളായി
മോടികൂട്ടി കിടപ്പുണ്ട്.

ചന്ദനക്കുടം നേര്‍ച്ചകളില്‍നിന്നും
ആറാട്ടുല്‍സവങ്ങളില്‍ നിന്നും
തട്ടകങ്ങളിലെ പരദേവതകളില്‍
നിന്നും അറബിക്കടല്‍ കടത്തപ്പെട്ടവര്‍
ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍
തിങ്ങിക്കൂടിയിരിക്കുന്നു
സുവര്‍ണ ഭാഗ്യക്കൂപ്പണുകളുടെ
പര്‍ദ്ദമൂടിയ ഭാഗ്യക്കണ്ണുകളെ ഉന്മീലനം ചെയ്യുന്നു.

സ്റ്റാളുകളില്‍
വിപ്ലവഗാനം കേട്ടു പുകയുന്ന കുന്തിരിക്കം
മരുഭൂമിയില്‍ മുകില്‍കൊണ്ടു പെയ്ത
അത്തറിന്റെ സുഗന്ധത്തില്‍
ബഹുസ്വരത്തിന്റെ ജനാധിപത്യം.

യമന്‍കാരുടെ സ്റ്റാളില്‍
ഔഷധതേനും അവയുടെ വണ്ടുകളും
സുഗന്ധവ്യഞജനങ്ങളും .
അരപ്പട്ടയില്‍ ഗോത്ര മുദ്രകളുമായി
സനയിലെ സര്‍വ്വകലാശാലാ വിദ്യാത്ഥികള്‍ക്ക്
ഐക്യദാര്‍ഢ്യം പാടി
കറിക്കൂട്ടു വില്‍ക്കുവവരുണ്ട്.

ഈജിപ്തു സ്റ്റാളില്‍
കെയ്റോയിലെ സ്വാതന്ത്ര്യചത്വരത്തില്‍
നിന്നുള്ള ഗാനങ്ങള്‍
അനശ്വരതയുടെ മമ്മിക്കുഴകൊണ്ട്
നൈല്‍ നദിയോരം അരക്കുന്നവര്‍
അലക്സാഡ്രിയയൗടെ പുരാതന പ്രൗഡിയില്‍
നിന്നും മുദ്രാവാക്യങ്ങള്‍ നിര്‍മ്മിക്കുന്നവര്‍
വര്‍ണ്ണങ്ങളിലേക്ക് വീണ്ടും വീണ്ടും
നിറക്കൂട്ടു ചാലിക്കുന്നവര്‍.

ബഹ്റൈന്‍ സ്റ്റാളില്‍
പരമ്പരാഗത രീതിയില്‍ മുങ്ങിയെടുത്ത
മുത്തുകള്‍.
മനാമയിലെ മുത്തു ചത്വരത്തില്‍
മനുഷ്യാഭിമാനത്തിന്റെ
ആരവത്തില്‍ സംഗീതം നല്‍കിയ
''ബഹുമാനിക്കപ്പെടുന്നുവെന്നിപ്പോള്‍ തോനുന്നു'' എന്ന
ഗാനം
മാനിക്വിന്നുകളില്‍ ബഹുസ്വരം
കാതോര്‍ക്കുന്ന വസ്ത്രങ്ങള്‍.
മുങ്ങി തപ്പിയെടുത്ത മുക്കുവരെ തിരഞ്ഞ്
മുത്തു മണികള്‍
കൊട്ടാരങ്ങളില്‍ നിന്നിറങ്ങിവന്നിരിക്കുന്നു.


കളിക്കളത്തിലെ ഗൃഹാതുരത്വതട്ടിപ്പില്‍ നിന്നും
പ്ലാസ്റ്റിക് വുവുസേലയെ മോചിപ്പിച്ച്
ബാല്യകാല ഓലപീപ്പിളിയുടെ
ശബ്ദസൗകുമാര്യം ശഠിച്ച്
രാഷ്ട്രീയതിന്റെ ഗാലറിയാരവം ഉയര്‍ത്തുന്നു

ജനാധിപത്യ മുദ്രയുള്ള വാക്യങ്ങളണിഞ്ഞ
കവിതകള്‍
കാര്യരസം കൂടി വരുന്ന കഥകള്‍.

മുഷ്ടിത്തിരമാലകളാല്‍ ഛേദിക്കപ്പെട്ടേക്കാവുന്ന
കപ്പലുകള്‍ക്കുള്ളില്‍
ആലസ്യത്തിന്റെ മട്ടുപ്പാവില്‍
ജലഘടികാരതിന്റെ ക്ലിഷ്ടാന്തോളനത്തില്‍
അധികാര കറുപ്പു ചഷകങ്ങളെ ചുംബിച്ച്
സമയം പോക്കിയവര്‍
ഞെട്ടിപ്പിടഞ്ഞെണീറ്റ്
പഴയ ദൂരദര്‍ശനികള്‍ തപ്പിത്തിരയുന്നു.

പുറപ്പെട്ട കാറ്റിനൊപ്പം
പിസ്തയും ബദാമും വാനിലയും
ഹെയ്സല്‍ കുരുക്കളും ഒലീവിനുമൊപ്പം
സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ കോര്‍ന്ന്
സൈബര്‍സ്പേസില്‍ ഒത്തുകൂടി
അതിരുകള്‍ക്കും മുകളിലൂടെ
സ്വാതന്ത്ര്യ ചത്വരത്തിലേക്കിറങ്ങുന്ന
പ്രാക്കൂട്ടം.

2011 ഏപ്രിൽ 3, ഞായറാഴ്‌ച

നീ ഏപ്രിലില്‍

പ്രിയ തനുജേ
ഏപ്രില്‍ നാലാം തിയതി
പാഞ്ഞാളില്‍ അതിരാത്രം തുടങ്ങുമ്പോള്‍
എല്‍ ഡി ക്ലാര്‍ക്കു പരീക്ഷാപരിശീലന -
ക്ലാസില്‍നിന്നും പുറത്തുവന്ന്
അതിസന്ധ്യപോലെ നീ വിഷുവിനും
തിരഞ്ഞെടുപ്പിനും ഇടയിലൂടെ
കടന്നുപോകും.

റങ്ക് ലിസ്റ്റില്‍ വച്ച് ചതിക്കപ്പെടുകയില്ലന്ന
വിശ്വാസത്തില്‍
കറുപ്പു മഷിയിടാന്‍ കൈവിരല്‍ നഖം നീട്ടും.
യാഗാവസാന ദിവസം ഒരു സാന്ധ്യഛവിപോലെ
ചിതിക്കരുകില്‍ നില്‍ക്കും.
പിന്നെ
യാഗാഗ്നി സൂഷിക്കാനായി
അസമ ദിനരാത്രങ്ങളിലേക്ക് ഉണര്‍ന്നെണീക്കാന്‍
യജമാനനെ വരിക്കും.
അസ്വാഭാവികമായി കാറ്റുവീശുമ്പോള്‍
വിളക്കു കെടാവിളക്കാകാന്‍
ഇരു കൈകളും കൊണ്ട് പൊത്തിപ്പിടിക്കുമ്പോള്‍
വിരല്‍നഖത്തിലെ കറുത്തമഷിക്കുത്തുകണ്ട്
പരിഭ്രമിച്ചേക്കും
പുറത്തുനിന്ന് ആഹ്ലാദപ്രകടനാരവങ്ങള്‍
കേള്‍ക്കുന്നുണ്ടെങ്കിലും.

2010 ഒക്‌ടോബർ 27, ബുധനാഴ്‌ച

ഉപലബ്ധികാത്ത്

ഉപലബ്ധിയായി കിട്ടിയ
ഉയിരും ഉടലും ഉപേക്ഷിച്ച്
പ്രജ്ഞാനം മാത്രമായിരിക്കുന്നിപ്പോള്‍
പ്രിയ കവി.

ഉടല്‍കൊണ്ടു മൂടിയൊരു
ദ്യുതിപോല്‍
അരയും തലയും വാലുമില്ലാത്ത
ക്രമരഹിത സ്ഫുലിങ്കമായിരുന്നു കവിതകള്‍.

നിഷ്കാമ മിന്നിത്തിളക്കങ്ങള്‍,
ധ്റുതിപ്പെട്ടണയുന്ന അവസാന
പതിതനും വേണ്ടിയൊരു
കൈനീട്ടു ശക്തി.

പാതി പിറന്ന കവിത
ചങ്കുകളില്‍ കുത്തിയിറക്കി
പാതിചൂടാറിയ ശവശരീരത്തെ
തുലാമഴകൊള്ളാന്‍ തെരുവിലുപേക്ഷിച്ച്
കവിതയെഴുതിയ കടലാസുവഞ്ചിക്കു പിറകെ
ശാശ്വതമായ നിയതികളിലേക്ക്
മനനം ചെയ്യാനിറങ്ങിയതോ ?

പാതിപിറപ്പും
പാതിചൂടും പിടപ്പും
തീക്കുരുന്നു നീ.
മഴയിലൂടങ്ങിനെ
തെരുവിലൂടങ്ങിനെ

ഒരുവ്യവഹാരം മാത്രം ബാക്കിയിനി
ശവസംസ്കാരം
നിന്റെ ഉടലാര്‍ക്ക് ഉപലബ്ധിയാകും?
-----------------------------------
അന്തരിച്ച പ്രിയ കവി അയ്യപ്പനെ സ്മരിച്ചുകൊണ്ട്

2010 ഒക്‌ടോബർ 6, ബുധനാഴ്‌ച

ചോക്ലേറ്റ്

ചോക്ലേറ്റുകൾക്ക് നിശ്ചിതമായൊരു
മധുരം വേണമെന്നോ രുചിവേണമെന്നോ ഉള്ള
പൊതു ബോധങ്ങളൊന്നും ഇല്ലാതിരിന്നിട്ടും
അവ ചുംബിച്ചുചുവന്ന ചുണ്ടിനേയും
നിഷ്കളങ്കമായ പ്രണയത്തേയും
ഋതുക്കളുടെ അദമ്യമായ വസന്തദാഹങ്ങളെയും
ഓർമിപ്പിച്ചു.

ഷോപ്പിങ്ങ്മാളുകളിൽ നിരന്നിരിക്കുന്ന
ചോക്ലേറ്റുകളുടെ ആകർഷകമായ കവറുകൾ
മധ്യവേനലവധിയേയുംവിദൂരത്തെ വയലുകളിലെ
കൃഷീവലന്മാരെയും ഓർമ്മിപ്പിക്കുന്നുണ്ട്.

അവൾ ഇഷ്ടപ്പെട്ടിരുന്ന തവിട്ടുനിറമുള്ള
ചോക്ളേറ്റുകളിൽ
കൊക്കോയുടെ അളവ് കൂടുതലായിരുന്നു,
പഞ്ചസാരയേക്കാളും
പാൽക്കട്ടിയേക്കാളും

മധ്യവേനലുകളിൽ അവളിൽനിന്നും
ഉയർന്നു പൊങ്ങിയിരുന്ന ജ്വാലകൾ
ചോക്ലേറ്റുകളെ ഏറെ ആഹരിച്ചിട്ടുണ്ട്.

ചോക്ലേറ്റുകളുടെ മാംസളനിറങ്ങൾ
അവയുടെ ദാഹങ്ങൾക്കുമേലുള്ള
മൂടുപടങ്ങൾ മാത്രമായിരുന്നു.
എന്നാൽ വെളുത്ത ചോക്ലേറ്റുകൾ
കുട്ടിത്തവും പ്രണയവും പ്രതിഫലിപ്പിക്കാൻ
പരാജയപ്പെട്ടവയായും
വാണിജ്യകലഹത്തിൽ മരിച്ചുപോയാളുടെ
അതികാമാർത്തിയായ ഭാര്യയെയും ഓർമ്മിപ്പിച്ചു.
ഞാൻ കണ്ടുമുട്ടുമ്പോൾ അവൾ
അങ്ങിനെയായിരുന്നു.
നീല ചർമ്മമുള്ള ആകാശത്തിലെ
ആ ഏക താരകത്തിനെ
ഞാനെന്തിനു മിന്നിത്തിളങ്ങാതിരികാൻ
അനുവദിക്കാതിരിക്കണം?

ജന്മാന്തരങ്ങളിലൂടെ കൈവന്ന
അന്തർജ്ഞാനത്താൽ
ചക്രവാളത്തിന്റെ യാത്രക്കാരനായി,
നിറങ്ങളുടേയും സ്വരങ്ങളുടേയും
 രൂപങ്ങളുടേയും
പ്രാചീനവേരുകൾക്ക്
ഔഷധ ഗുണമുണ്ടെന്നറിഞ്ഞ്
പുറപ്പെട്ടതായിരുന്നു ഞാൻ
അങ്ങകലെ
നീല മുത്തുചില്ലുകൾ പൊഴിക്കുന്ന മലയുണ്ട്
അതിൽ
രാജ്ഞി കണക്കേ, മുടിയിഴകളിൽ കോടമഞ്ഞ്
സുഗന്ധധൂപം പുകച്ചിരുന്നു.
വഴിമമദ്ധ്യേ , ഗതാഗത നിയമങ്ങളെ
ഓർമ്മിപ്പിക്കുന്ന ചുവന്ന ചിഹ്നങ്ങൾ ഉണ്ട്.

വായുവിന്റെ ഓരോ പരമാണുവിടവിലും
മഞ്ഞു പിറന്നിരുന്ന ഒരു ശീതകാലമായിരുന്നു അത്
ശൈത്യകാല വസ്ത്രങ്ങളില്ലാതെ
ഉമ്മറത്തിണ്ണയിൽ
ഹരിതാഭനീലയിലൊരു ധ്യാനം
ഗിരിനിരകളുടെ ഭാവുകത്വാനുഭൂതിയിൽ
രഹസ്യ സ്വഭാവമുള്ള മഞ്ഞ്
ശാശ്വതമായ സ്വാതന്ത്ര്യത്തോടെ തുടിച്ചിരുന്നു.

മടക്കയാത്രയിൽ
എന്റെ കൂടെ ഇപ്പോൾ അവളുണ്ട്
മലയുടെയും മഞ്ഞിന്റെയും ഗന്ധം
മഞ്ഞ് ശരീരത്തിൽനിന്നും
കുത്തിപ്പൊക്കിയെടുക്കുന്ന ഗന്ധത്തിൽ
ധ്യാനങ്ങളുടെ കലപിലകൾ
കോച്ചിവിറച്ചു പോയിരിക്കുന്നു.
വേഗം കുറഞ്ഞ രക്ത ചംക്രമണം
വാഹനത്തിന്റെ ശബ്ദം.
ഊഷ്മാവിനോടു പ്രതിപ്രവർത്തിക്കുന്ന-
ശരീരത്തിന്റെ ചൂടും അതിന്റെ നിശ്വാസങ്ങളും.
മർദ്ദം കുറഞ്ഞയിടത്തേക്കുള്ള-
വായുവിന്റെ നിശബ്ദമായ പ്രവാഹം
ഇപ്പോൾ ഞങ്ങൾക്കിടയിലുള്ള ദൂരം
ഒരു ചോക്ലേറ്റു മാത്രം.


2010 ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

അവൾ അതിവേഗ പാതയിലെ ചൂണ്ടൽക്കാരി

വേഗബോധമേ ഇല്ലാത്തത്രയും
വേഗതാലഹരിയിൽ ത്രസിക്കുമ്പോൾ
പാതയുടെ വീതിയൊന്നും ഓർത്തേക്കില്ല
ഇരുവോരങ്ങളിലേയും
മരങ്ങളേയും കെട്ടിടങ്ങളേയും കൂടി
സർവ്വ രൂപങ്ങളേയും അമൂർത്തമാക്കിമാറ്റാനുള്ള
ത്വരയാണപ്പോൾ,
വേഗമാന്ത്രികവടി ചഴറ്റി
സർവ്വവും മായയാക്കിമാറ്റാനുള്ള
ചോദനയാണീ കാറോട്ടം.

വീതിയും വേഗവും നീളവും കൃത്യമായുള്ള,
ഗതാഗത നിയമങ്ങളുടെ കൈയ്യും കാലും
പുറത്തിടാതെയുള്ള,
ഒരു നെടും പാത
അപായചിഹ്നങ്ങളുടെ കുറ്റിയും പറിച്ച്
പറന്നുവരുന്നതും,
വേരുകളുടെ ശ്മശാനമായൊരു മരുഭൂമി
ചുടുകാറ്റോടെ അനുഗമിക്കുന്നത്
ദു:സ്വപ്നംകണ്ടുണ്ടായ നിർത്തലുകളുമുണ്ടാകും.

വേഗമദ്ധ്യേ
പ്രകൃതി ബലങ്ങളിൽ നിന്നെല്ലാം
സ്വതന്ത്രമായി ലഹരിയിൽ മുഴുകവേയായിരിക്കും
മരങ്ങൾക്കും വയലുകൾക്കും വേണ്ടി
ചുറ്റിവളയാൻ തയ്യാറായ പാതകളെക്കുറിച്ചുള്ള
പഴങ്കഥകൾ പറഞ്ഞിരുന്നവളെ ഓർമ്മവരിക.
ചൂണ്ടൽകൊളുത്തു തറഞ്ഞ
മീനിനെപ്പോലെയാകും പിന്നെ ഓട്ടം
പിന്നെയൊരിടത്തുനിന്നു
ചെകിളകൾക്കിടയിലെ കൊളുത്തിനെ
സ്വയം ഊരിയെറിഞ്ഞ്
ആഴത്തിലേക്ക് ഊളയിടുമ്പോൾ
രക്തത്തുള്ളികൾ ജലത്തിൽ കലരും
പ്രഭവങ്ങളില്ലാത്ത ജലം
രക്തവാർച്ചയെ ശമിപ്പിക്കും
ആഴത്തിൽ വച്ച് നാരായവേരുകളെ കണ്ടുമുട്ടും
വെള്ളം തിരഞ്ഞുകൊണ്ടുള്ള വേരുകളുടെ
സാവധാനയാത്ര കാണും
അവ ജലകണികകൾക്ക് അടയിരിക്കുന്നതും
വെള്ളം പിറക്കുന്നതും കാണും