http://jayanedakkat.blogspot.com/

2010, മേയ് 2, ഞായറാഴ്‌ച

സീതാനഷ്ടം നമ്മെ അനുധാവനം ചെയ്യും

നോക്കൂ ഞങ്ങൾ മനുഷ്യരെ
പണ്ടെന്നോ പുലരിയും
 പടിഞ്ഞാറും
ലൈംഗീക പ്രജനനവും
 ഉണ്ടാകുന്നതിനു മുൻപ്
പുറപ്പെട്ട സമയത്തെ
 കീഴടക്കാൻ തപിപ്പവർ

പുംബീജങ്ങളുടെ
ഘോഷയാത്രയെ
അനുധാവനം ചെയ്യുന്ന
സൂതികർമ്മിണിയുടെ
ബീജഗണിത ജാഗ്രതയിൽ,
സിക്താണ്ടത്തിന്റെ
നിർഗുണപരബ്രഹ്മത്തിൽനിന്നും-
തുടങ്ങിയവർ.

ഭൂമീ..
നിന്റെ വീഥികളിൽ
ഞങ്ങൾ ശരവേഗം പായുകയാണു
ഒരു ഭൂമിപിളർപ്പ്
അതിലൂടെ പേഗൻ വൂഢൂവിന്റെ
മാസ്മരികതക്കൊപ്പം
സീതയും രാഷ്ട്രവും
ഒലിച്ചുപോകുന്നു.
രാഷ്ട്രനഷ്ടം രാമനെ
സൃഷ്ടിക്കുന്നു
സീതാനഷ്ടം പ്രബഞ്ചനഷ്ടം
വരുത്തുന്നു.

ഞങ്ങൾക്ക് രണ്ട് ആകാശങ്ങൾ
ഉണ്ടായിരുന്നു
 നീളത്തിലും ഉയരത്തിലും
ദ്വിമാനങ്ങളിലും ത്രിമാനങ്ങളിലും
നിന്റെ ഭാവുകത്വങ്ങളിൽ
 രാഗമേഘങ്ങളുടെ
ചതുർമാനങ്ങളും
 അനന്തമാനങ്ങളും അറിഞ്ഞു.

ഞങ്ങൾ എത്ര കൃത്യമായാണു
മരിച്ചിരുന്നത്
കൃത്യമായി
ജനിച്ചിരുന്നപോലെ
കാറ്റെല്ലാം മാറിവീശുന്നു.
അകാലത്തിലൊരു മഴ
പരാഗണനഷ്ടം പൊഴിക്കുന്നു.
അഴിക്കടിയിലുണ്ടായ പിളർപ്പിലേക്ക്
തിരയൊലിച്ചുപോയി,
കരകവരാൻ ഒരുകടലും.
ആകാശത്ത് കുഞ്ഞിളം കാറ്റുകൾ
സംഘംചേർന്ന് ചതിച്ചുഴി ചുറ്റി
.പശ്ചിമവാതങ്ങൾ വീശുന്നു.
വൃശ്ചികക്കാറ്റേൽക്കാതെ
കാച്ചിൽകിഴങ്ങ്
ഉഷ്ണപുപുണ്ണുമായുള്ള
സുരതം കാത്തുകിടക്കുന്നു.

ഒരിക്കലും മണ്ണിലൊരു
വിത്തു പാകി
മുളപ്പിക്കാൻ കഴിയാതെ
മരിച്ചുപോകാൻ
കാത്തിരിക്കുന്നവരും
ഇമെയിൽ വേഗത്തിൽ
 ആശംസാകാർഡിൽ
ഉമ്മകളയക്കാൻ കഴിയാതെ
മരിച്ചുപോയവരും
സമയത്തിന്റെ രണ്ടു
തുലാഭാരത്തട്ടുകളാണു.

ചുവന്ന ലൈറ്റിട്ട ഗതാഗത നിയമത്തിനു താഴെ,
ട്രാഫിക് സിഗ്നലിലെ
ഒരു തുള്ളി
പച്ചവെളിച്ചമായിമാറിയ കാടുകാത്ത്
കിടക്കുകയാണു ഞങ്ങൾ