ഈ ബ്ലോഗ് തിരയൂ

2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

ചണ്ഡാലഭിക്ഷുകി

 ചണ്ഡാലഭിക്ഷുകി

----------------------------------

ഫേസ്‌ബുക്കിലെ ബ്ലോക്‌ലിസ്റ്റിനെ
നിവർത്തിയിട്ടപ്പോഴത്‌
കുമാരനാശാന്റെ 
ചണ്ടാലഭിക്ഷുകിയുടെയത്രയും
വളർന്നിട്ടുണ്ടായിരുന്നു.
അയിത്തകാരണങ്ങൾ നിറഞ്ഞ
പരവതാനി.

കമ്മ്യൂണിസ്റ്റുകാർ
സംഘപരിവാറുകാർ
കോൺഗ്രസ്സുകാർ
വ്യക്തിത്വവികസന
വിൽപ്പനക്കാർ
തുടങ്ങി
ആദ്യകാലത്ത്
ആഡ് ചെയ്ത
സ്വാമിമാർ
ജ്യോത്സ്യന്മാർ
നക്സലേറ്റുകൾ
നിരീശ്വരവാദികൾ
ബോഡി ബിൽഡേഴ്‌സ്
സ്വതന്ത്ര ചിന്തകർവരെ
അതിലുണ്ട്.

ലൈക് ചെയ്യാത്ത വൈരാഗ്യത്തിന്
ഇരുപത്തഞ്ചോളംപേരെ,
ജാഡക്കാരെന്നു മുദ്രകുത്തി
മുപ്പതോളംപേരെ,
എല്ലാപോസ്റ്റുകളും പിന്തുടർന്നു
ലൈക് ചെയ്തതിനു
പത്തോളം പേരെയും
ബ്ളോക് ചെയ്തിരിക്കുന്നു.

അല്ലാ...ആരാലാണ്
ആദ്യം ബ്ളോക് ചെയ്യപ്പെട്ടത് ?
പശുക്കിടാവിനെ ചാരിനിന്ന്
ഓടക്കുഴൽ വിളിക്കുന്ന
കൃഷ്ണന്റെ ഫോട്ടോ ഇട്ടതിന്
ഒരു വലിയകവിയാൽ
കവിയുടെ സംഘാടകരാൽ
അനുയായികളാൽ.

ഗണപതിയുടെ
അയ്യപ്പൻറെ
മഹാവിഷ്ണുവിന്റെ
മുരുകന്റെ
സരസ്വതീ ദേവിയുടെ
ശിവന്റെ
ഭദ്രകാളിയുടെയുമൊക്കെ
ഫോട്ടോ ഇട്ടതിന്
ആ കവി എത്രപേരെ
ബ്ലോക്ക് ചെയ്തിട്ടുണ്ടാകും?

മേതിലിന്റെ
ഒരുഹൈക്കുവിനോളം
വരാതിരിക്കട്ടെ ആ അയിത്തം