ഈ ബ്ലോഗ് തിരയൂ

2017, മാർച്ച് 28, ചൊവ്വാഴ്ച

കോഴികളും പശുവും താഴെകിടാങ്ങളുമുള്ളതിനാൽ കല്ല്യാണം കഴിക്കാതിരുന്നവൾ

കോഴികളും പശുവും താഴെകിടാങ്ങളുമുള്ളതിനാൽ കല്ല്യാണം കഴിക്കാതിരുന്നവൾ

ആപ്പിൾ
-----------------------
വാഷിംഗ്ടൺ ,സിംല,ഫുജി
ഗ്രീൻ ,ഡെല്ലീസ്സസ്സ് ,അമരി
മഹാരാജ, ഗോൾഡൻ ,സമ്പൂർ
ജ്യൂസുകൾക്കിടയിൽനിന്ന്
വിടുതൽ നേടുമ്പോൾ
ശീതം പാടുന്നപാട്ട്
രോമക്കുപ്പായമിട്ടഅവൾക്കുവേണ്ടിയാണ്
എങ്കിലും എന്നുമവൾ
മാലകെട്ടി  ചാർത്താറുണ്ടെന്ന  
കാര്യം  പറയുകായാണ് നല്ലത്
അല്ലെങ്കിൽ
 മഹാവാക്യങ്ങൾ പഠിപ്പിക്കാൻ
വിദേശത്തേക്കു പോകാൻതക്കവണ്ണം
ധ്യാനപരിചയമുണ്ടെന്നും
ഓർമ്മക്കൂടുതലുള്ളവരുടെ
വെളിച്ചങ്ങൾ അവളിൽ
പതിയാറുണ്ടെന്നും

മുന്തിരി
-------------
റോസ് ,വെള്ള ,ഡിൽക്കൂസ്,
വാഷിംഗ്ടൺ ,സീഡ് ലെസ്സ് വൈറ്റ്,
 സീഡ് ലെസ്സ് ബ്ളാക്ക് ,ഗ്ലോബ്
ജ്യൂസ് ബ്ളാക്ക്
വീഞ്ഞുകൾക്കിടയിൽനിന്ന്
വിടുതൽ നേടുമ്പോൾ
ലളിതമായ ലഹരിപോലെയവൾ
കുറച്ചുവസ്ത്രങ്ങൾ ധരിക്കുന്നു

മഞ്ഞ മധ്യവേനലുകളിൽ
അല്പവസ്ത്രം  ധരിച്ച്
മാവിൻകൊമ്പത്തിരുന്നു
ആൺകുട്ടികൾ
കുളിക്കുന്നത് പകർത്തിയ
അവളുടെ കഥ
 പറയാതിരിക്കുകയാണ് നല്ലത്
ഒട്ടിച്ചുവെക്കാവുന്ന അലങ്കാരനഖങ്ങളിലും
കൺപടലങ്ങളിലും
മൂക്കുത്തിക്കല്ലിൽ
ബ്രായുടെ നൈരന്തര്യമില്ലായ്മയിൽ
കാലിന്റെ ഉപ്പൂറ്റി
സാൻഡ് വിച്ചുകളെപ്പോലെ
കൂട്ടുകാരെ കിടക്കയിലേക്ക്
ആനയിക്കുന്ന രീതിയിലുമൊക്കെ
ജാഗരൂകയായിരുന്നവൾ
2017, മാർച്ച് 19, ഞായറാഴ്‌ച

അന്ധവിശ്വാസത്തോടെ മരിച്ചപെണ്കുട്ടികൾ കൂടുതൽ ഭംഗിയോടെ തിരിച്ചുവരും

അന്ധവിശ്വാസത്തോടെ മരിച്ചപെണ്കുട്ടികൾ
 കൂടുതൽ ഭംഗിയോടെ തിരിച്ചുവരും
///////////////////////////////////////////////////////////////////////////
ചെമ്പരത്തിപ്പൂക്കളുടെ സംസാരശേഷി
തിരിച്ചുകിട്ടില്ലെന്ന
ഉറച്ചവിശ്വാസത്തിൽ ഒരുപാടുപേർ
മരിച്ചുപോയിട്ടുണ്ട്
കിട്ടുമെന്ന് വിശ്വാസംവരുമ്പോൾ
അവർക്കു തിരികെ വരാനാകും
തീർച്ച

സമുദ്രം ഒരിക്കലും
ഒറ്റക്കാലിൽ
ചെറിയ മതിൽചാടികടക്കാൻ
ശ്രമിക്കുകയില്ലെന്നു കരുതി
മരണം വരെ
പടിഞ്ഞാറെ പടിപ്പുരയുടെ
മതിൽ സദാ ബലപ്പെടുത്തികൊണ്ടിരുന്ന്
'സ്നേഹമതിൽ' എന്നു വിളിച്ചവരുണ്ട്

സമയമാകുമ്പോൾ
ഗ്രഹങ്ങളും നക്ഷത്രങ്ങളും
അച്ചടക്കമുള്ള സൈനികരെപോലെ
വരിവരിയായി വന്ന്
സലിയൂട്ട് നൽകില്ലെന്ന് കരുതി
ശാസ്ത്രജ്ഞരാകാൻ തീരുമാനിച്ച
പട്ടാളമേധാവികളുണ്ട്

മനുഷ്യജന്മമെടുത്ത നാലുപ്രാവശ്യവും
മൂക്കുത്തി ധരിച്ചു മരിച്ചുപോയ
പെൺകുട്ടികൾ
അഞ്ചാംതവണ
മൂക്കുത്തിയോടുകൂടിയാണ്
പിറക്കുകയെന്നതറിയാതെ
മരിച്ചുപോയിട്ടുണ്ട്

വെളുത്തവസ്ത്തുക്കൾ
സൗജന്യമായി സ്വീകരിക്കാതിരുന്നാൽ,
ചുവന്നമുഖമുള്ള വാനരന്മാർക്കു്
പനംശർക്കരചേർത്ത് ചോറു നൽകിയാൽ ,
രാത്രിയിൽ ഭക്ഷണം പാകം ചെയ്തശേഷം
പാല് ഒഴിച്ച് തീകെടുത്തിയാൽ ,
പതിവായി വെളുത്തതൊപ്പി ധരിച്ചാൽ,
വീടിനു വിശാലമായ മുറ്റമുണ്ടാക്കിയാൽ ;
സൂര്യൻ കൊച്ചുകുട്ടിയെപോലെ
നമ്മുടെ അടുത്തുവന്ന്
സംസാരിക്കില്ലെന്ന് വിശ്വസിച്ചുമരിച്ച
മനുഷ്യരുണ്ട്
2017, മാർച്ച് 12, ഞായറാഴ്‌ച

മമ്മൂട്ടിയുടെ മകനും കപ്പലണ്ടിയും

മമ്മൂട്ടിയുടെ മകനും കപ്പലണ്ടിയും *
//////////////////////////////////////////////////////////////////
കടത്തുതോണിക്കാരനായിരുന്ന
മമ്മൂട്ടിയുടെ മകനും
കടത്തുതോണിക്കാരനായതിൽ
മനംനൊന്ത്
പുഴയഴുകി

അയല്പക്കത്തെ വെള്ളച്ചാട്ടം
രജസ്വലയായതിനാലാണ്
പുഴയിൽ
ചുവന്ന വെള്ളമൊഴുകി
അഴുകുന്നതെന്ന്‌
വിനോദസഞ്ചാരികൾ

വെറുമൊരു രസത്തിന്
ഞാനും അവളും
പറഞ്ഞുകൊണ്ടേയിരിക്കുന്നു
മതി മതിയെന്ന് പറഞ്ഞ്
കടലാസുകുമ്പിളിൽ
രസംകൊല്ലി കപ്പലണ്ടി നീട്ടുന്നു
മമ്മൂട്ടിയുടെ മകൻ

കടവ് എവിടെയെന്നൊരു
വെള്ളമൂറുന്ന വായിൽ
ആശ്ചര്യം തുഴയുന്നു
കമിതാക്കൾ ഞങ്ങൾ

ഉന്തുവണ്ടിയിലെ  വറവുച്ചട്ടിയിൽ
ചട്ടുകംകൊണ്ട് തുഴയുന്ന
മമ്മൂട്ടിയെ ചൂണ്ടുന്നു
ഒരുചുള്ളിവിരൽ
-----------------------------------------------


2017, ഫെബ്രുവരി 16, വ്യാഴാഴ്‌ച

ചാളമീൻ തിന്നുന്ന സുന്ദരി


സോഹം എന്ന സുന്ദരി 
ലഡാക്കിൽനിന്നും വന്ന്
ഗുരുവായൂർ തൊഴാതെ 
ചാവക്കാടുപോയി ചാളതിന്നുന്നു 

കറിവച്ചത്
വറുത്തത് 
പൊള്ളിച്ചത് 

ചോറിനൊപ്പം 
കപ്പയോടൊപ്പം
കഞ്ഞിയോടൊപ്പം 

നാളെയവൾ,
സമാധാനകാലത്ത് 
വീരമൃത്യുവരിച്ചൊരു
പട്ടാളക്കാരന്റെ 
ചിതാഭസ്മം 
 തിരുനാവായിലൊഴുക്കി 
പിതൃതർപ്പണം ചെയ്യും 

പോകുംവഴി 
വ്രതം നോറ്റിരിക്കുന്നൊരു 
മുത്തശ്ശിയേയും കൂട്ടേണ്ടതുണ്ട്  
പണ്ടത്തെപ്പോലെ 
താറുടുക്കുവാൻ പഠിക്കേണ്ടതുണ്ട് 


2016, ഡിസംബർ 19, തിങ്കളാഴ്‌ച

ചൂണ്ടലിൻ്റെ അഞ്ചാമത്തെ അവസ്ഥ

 ചൂണ്ടലിൻ്റെ അഞ്ചാമത്തെ അവസ്ഥ
-------------------------------------------------
ചൂണ്ടൽകൊളുത്തുകളെക്കുറിച്ചുള്ള
മാസികയുടെ മുഖചിത്രത്തിലും
പുറംചട്ടയിലും
മരണകാരണങ്ങളെക്കുറിച്ചുള്ള
നൂറ്റിയെട്ട് ഫലിതങ്ങൾ
പഴഞ്ചൊല്ലുകൾ
 തുടങ്ങിയവയടങ്ങിയ
പുസ്തകത്തിൻറെ
പരസ്യംകൊണ്ട്
കാലം പതുക്കെയായതിനെ പറ്റി
പലർക്കും പലതും
പറയുവാനുണ്ടാകും

ചൂണ്ടൽകണവെട്ടുവാൻ
മുളങ്കാട്‌തേടിപോയൊരാൾ
പൂക്കൾക്കുനേരെ വെടിയുതിർത്ത്
വിരസതമാറ്റുന്നതു
പതിവായിക്കണ്ട് വളരുന്ന
കുട്ടികളേക്കുറിച്ചും
പലർക്കും പലതും
 പറയാനുണ്ടാകും

പലതരം ചെകിളകളെല്ലാം
ചെറുമൽസ്യങ്ങൾക്കകമേ
വലിയ ഗുഹകളുണ്ടാക്കി
ഭിത്തിയിൽ പലതരം
ചുവർചിത്രങ്ങൾ
 വരക്കുന്നതിനെക്കുറിച്ചും
പലർക്കും പലതും
 പറയാനുണ്ടാകും

'ശ് ' എന്ന് ചൂണ്ടുവിരൽ
ചുണ്ടിൽചേർത്ത്
നിശബ്ദമാക്കപ്പെട്ട
ക്‌ളാസ്സ്‌മുറികളിലേക്കു
ഒഴുകിയെത്തിയ
സ്ഫ്ടിജലത്തിലെ
അലങ്കാരമൽസ്യങ്ങളെക്കുറിച്ചും
പറയാനുണ്ടാകും .
പക്ഷേ ... കുട്ടികൾക്കുണ്ടാകില്ല .2016, നവംബർ 19, ശനിയാഴ്‌ച

കൊമ്പും കുളമ്പും സ്വര്ണ്ണംകെട്ടിയ നായ


ദേവാലയ ഭണ്ഡണ്ടാരങ്ങളിലെല്ലാം
ധാനം ധനത്തെ കുറക്കുന്നതല്ലെന്ന്
ഇനാമൽ ലിഖിതങ്ങളുള്ളൊരു നാട്ടിലെ
രാജാവ്
മുത്തശ്ശൻ കടൽകടന്നെത്തിയതിന്റെ
അഞ്ഞൂറാം ഓർമ്മപുതുക്കുവാൻ
കൊമ്പും കുളമ്പും സ്വർണ്ണം കെട്ടിയ
നായകളെ ധാനം ചെയ്തു

പടുകൂറ്റൻ ജ്വല്ലറിയുടെ
മുൻവാതുക്കൽ
സംഭോഗവേളയിൽ
അഴിയാകുരുക്കായ് മാറിയ
നായമിഥുനങ്ങളെ
ആട്ടിയോടിക്കാൻ
മൂർച്ചയാകുംവരെ
കാത്തിരിക്കുന്നു
യൂണിഫോമിട്ട
കാവൽക്കാരൻ

ചഞ്ചല ചിത്തനായ
ചന്ദ്രനിൽ പോയ
"ലയ്‌ക്ക"നായയുടെ
യാത്രാവിവരണത്തിൽ
ഉന്മാദം നിർമ്മിക്കുന്ന
ഫാക്റ്ററിയുടെ ചിത്രമുണ്ട്

ഒരൊറ്റ നായയേയും കൂട്ടാതെ
സദാ നടത്തുന്ന വേട്ടയെ
നായാട്ടെന്നു പറയരുത്
-----------------------------------------

In 1957,Nov. 3 Laika became the first animal launched into orbit, paving the way for human spaceflight
,  The Soviet Union sends the first living creature into orbit. It was a Space Race victory


2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

മാംസമീമാംസ

മാംസമീമാംസ 
-----------------------------------------
മാനസികാരോഗ്യം ശരീരംവിട്ട് ഓടിപ്പോയ 
ഒരുവളുടെ ശരീരം 
ലോകത്തിലെ ആദ്യത്തെ കട്ടിലിൽ 
കാണപ്പെട്ടിരിക്കുന്നു
വന്യമായ വളർന്നുപൊങ്ങിയ
ഗുഹ്യരോമങ്ങൾ നിറഞ്ഞ
ആ ഉടലിനുമീതെ
ഒരു തുണികഷ്ണം
അശുഭപതാക കണക്കെ
സ്വയം വിവർത്തനം
ചെയ്തുകൊണ്ടേയിരിക്കുന്നു
ഏറെനാളായ് ചികിത്സയിലായിരുന്ന
മാനസിക ആരോഗ്യം
ശരീരത്തെ മറന്നേപോയിരിക്കുന്നു.
ക്ഷൗരമില്ലാതിരുന്ന കാലത്തെ ശരീരം
സസ്സ്യങ്ങളെപോലെ
മണ്ണിൽനിന്നും സൂര്യപ്രകാശത്തിൽനിന്നും
നേരിട്ട് ഊർജ്ജം ശേഖരിച്ചിരുന്നതിന്റെ
പാടുകൾ,
പാകംചെയ്യാനറിയാതിരുന്ന
കാലത്തെ ശരീരങ്ങളെപോലെ
രുചിഭേദങ്ങളില്ലാതെ .