http://jayanedakkat.blogspot.com/

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

ചോക്ലേറ്റ്

ചോക്ലേറ്റുകൾക്ക് നിശ്ചിതമായൊരു
മധുരം വേണമെന്നോ രുചിവേണമെന്നോ ഉള്ള
പൊതു ബോധങ്ങളൊന്നും ഇല്ലാതിരിന്നിട്ടും
അവ ചുംബിച്ചുചുവന്ന ചുണ്ടിനേയും
നിഷ്കളങ്കമായ പ്രണയത്തേയും
ഋതുക്കളുടെ അദമ്യമായ വസന്തദാഹങ്ങളെയും
ഓർമിപ്പിച്ചു.

ഷോപ്പിങ്ങ്മാളുകളിൽ നിരന്നിരിക്കുന്ന
ചോക്ലേറ്റുകളുടെ ആകർഷകമായ കവറുകൾ
മധ്യവേനലവധിയേയുംവിദൂരത്തെ വയലുകളിലെ
കൃഷീവലന്മാരെയും ഓർമ്മിപ്പിക്കുന്നുണ്ട്.

അവൾ ഇഷ്ടപ്പെട്ടിരുന്ന തവിട്ടുനിറമുള്ള
ചോക്ളേറ്റുകളിൽ
കൊക്കോയുടെ അളവ് കൂടുതലായിരുന്നു,
പഞ്ചസാരയേക്കാളും
പാൽക്കട്ടിയേക്കാളും

മധ്യവേനലുകളിൽ അവളിൽനിന്നും
ഉയർന്നു പൊങ്ങിയിരുന്ന ജ്വാലകൾ
ചോക്ലേറ്റുകളെ ഏറെ ആഹരിച്ചിട്ടുണ്ട്.

ചോക്ലേറ്റുകളുടെ മാംസളനിറങ്ങൾ
അവയുടെ ദാഹങ്ങൾക്കുമേലുള്ള
മൂടുപടങ്ങൾ മാത്രമായിരുന്നു.
എന്നാൽ വെളുത്ത ചോക്ലേറ്റുകൾ
കുട്ടിത്തവും പ്രണയവും പ്രതിഫലിപ്പിക്കാൻ
പരാജയപ്പെട്ടവയായും
വാണിജ്യകലഹത്തിൽ മരിച്ചുപോയാളുടെ
അതികാമാർത്തിയായ ഭാര്യയെയും ഓർമ്മിപ്പിച്ചു.
ഞാൻ കണ്ടുമുട്ടുമ്പോൾ അവൾ
അങ്ങിനെയായിരുന്നു.
നീല ചർമ്മമുള്ള ആകാശത്തിലെ
ആ ഏക താരകത്തിനെ
ഞാനെന്തിനു മിന്നിത്തിളങ്ങാതിരികാൻ
അനുവദിക്കാതിരിക്കണം?

ജന്മാന്തരങ്ങളിലൂടെ കൈവന്ന
അന്തർജ്ഞാനത്താൽ
ചക്രവാളത്തിന്റെ യാത്രക്കാരനായി,
നിറങ്ങളുടേയും സ്വരങ്ങളുടേയും
 രൂപങ്ങളുടേയും
പ്രാചീനവേരുകൾക്ക്
ഔഷധ ഗുണമുണ്ടെന്നറിഞ്ഞ്
പുറപ്പെട്ടതായിരുന്നു ഞാൻ
അങ്ങകലെ
നീല മുത്തുചില്ലുകൾ പൊഴിക്കുന്ന മലയുണ്ട്
അതിൽ
രാജ്ഞി കണക്കേ, മുടിയിഴകളിൽ കോടമഞ്ഞ്
സുഗന്ധധൂപം പുകച്ചിരുന്നു.
വഴിമമദ്ധ്യേ , ഗതാഗത നിയമങ്ങളെ
ഓർമ്മിപ്പിക്കുന്ന ചുവന്ന ചിഹ്നങ്ങൾ ഉണ്ട്.

വായുവിന്റെ ഓരോ പരമാണുവിടവിലും
മഞ്ഞു പിറന്നിരുന്ന ഒരു ശീതകാലമായിരുന്നു അത്
ശൈത്യകാല വസ്ത്രങ്ങളില്ലാതെ
ഉമ്മറത്തിണ്ണയിൽ
ഹരിതാഭനീലയിലൊരു ധ്യാനം
ഗിരിനിരകളുടെ ഭാവുകത്വാനുഭൂതിയിൽ
രഹസ്യ സ്വഭാവമുള്ള മഞ്ഞ്
ശാശ്വതമായ സ്വാതന്ത്ര്യത്തോടെ തുടിച്ചിരുന്നു.

മടക്കയാത്രയിൽ
എന്റെ കൂടെ ഇപ്പോൾ അവളുണ്ട്
മലയുടെയും മഞ്ഞിന്റെയും ഗന്ധം
മഞ്ഞ് ശരീരത്തിൽനിന്നും
കുത്തിപ്പൊക്കിയെടുക്കുന്ന ഗന്ധത്തിൽ
ധ്യാനങ്ങളുടെ കലപിലകൾ
കോച്ചിവിറച്ചു പോയിരിക്കുന്നു.
വേഗം കുറഞ്ഞ രക്ത ചംക്രമണം
വാഹനത്തിന്റെ ശബ്ദം.
ഊഷ്മാവിനോടു പ്രതിപ്രവർത്തിക്കുന്ന-
ശരീരത്തിന്റെ ചൂടും അതിന്റെ നിശ്വാസങ്ങളും.
മർദ്ദം കുറഞ്ഞയിടത്തേക്കുള്ള-
വായുവിന്റെ നിശബ്ദമായ പ്രവാഹം
ഇപ്പോൾ ഞങ്ങൾക്കിടയിലുള്ള ദൂരം
ഒരു ചോക്ലേറ്റു മാത്രം.