ഈ ബ്ലോഗ് തിരയൂ

2012, മേയ് 7, തിങ്കളാഴ്‌ച

അന്‍പത്തിയൊന്നു മുറി‍വുകള്‍'2012, മേയ് 7, തിങ്കളാഴ്‌ച
അന്‍പത്തിയൊന്നു മുറി‍വുകള്‍
-----------------------------------------------
'കമ' എന്നൊരു അക്ഷരം ഇനി
മിണ്ടരുത് എന്നു കരുതിയാകണം
ശരീരത്തില്‍ അന്‍‍പത്തിയൊന്നു
മുറിവുകള്‍ ഉണ്ടായിരുന്നു
'ക' മുതല്‍ 'മ' വരെയുള്ള
വ്യഞ്ജനങ്ങള്‍
ഇല്ലാതായാല്‍ പിന്നെ
ഒരു ശബ്ദവും പുറപ്പെടില്ലെന്ന്
ഇരുട്ടിലും ചോരയിലും
ആഭിചാരം ചെയ്യുന്നവര്‍ക്കറിയാം.
അലര്‍ച്ചകളും രോദനങ്ങളും
പിടഞ്ഞു മരിക്കുമ്പോള്‍
ഞരുങ്ങുവാനും മാത്രം
സ്വരാക്ഷരങ്ങള്‍
അവര്‍ അനുവദിക്കും.
വര്‍ഗ്ഗവും വര്‍‍ഗ്ഗമൂല്യവും
വര്‍ഗ്ഗശത്രുക്കളാണെന്നു പറഞ്ഞ്
വര്‍ഗ്ഗാക്ഷരങ്ങളെ
ഉന്മൂലനം ചെയ്യും.
അന്‍പത്തിയൊന്ന്
അക്ഷരങ്ങളെ ശോകമാക്കും
ലോഹപ്പെടുത്തും
കൂര്‍പ്പിക്കും
അന്‍പത്തിയൊന്നു വയസ്സുള്ള
മനുഷ്യനെ ഇങ്ങിനേയും
അവര്‍ നശിപ്പിക്കും
അക്ഷരം അരമാക്കികൊണ്ട്.