പണ്ടു പണ്ട്
വളരെ പണ്ട്
പോത്തിറച്ചിയും മാനിറച്ചിയും
പശുവിറച്ചിയുമെല്ലാം
വെജിറ്റബിളായിരുന്നു
കൃത്യമായിപറഞ്ഞാൽ
യാഗയജ്ഞാദികളുടെ കാലത്ത്
നഗരത്തെ പ്രാന്തവൽക്കരിക്കാനെത്തിയ
ഭ്രാന്തൻ മാളുകളിലെ അറവുശാലകളിൽ
ചേനയും ചീരയും ചിരവക്കയും
തക്കാളിയും പടവലവും
മാംസബുക്കുകളെ കാത്ത്
തൊലിയുരിഞ്ഞാടുന്നു
ഗുരുവായൂരിലെ
തട്ടുകടയിൽനിന്നു ചായകുടിക്കുമ്പോൾ
ആകാശത്തുനിന്ന്
ചായഗ്ളാസിലേക്കുവീണ
പ്രകൃതിത്തരികൾ
സൈബീരിയയിൽ നിന്ന്
പുന്നയൂർക്കുളത്തെ
കോൾനിലങ്ങളിലേക്കു വരുന്ന
എരണ്ടപക്ഷികളുടെ
കാഷ്ഠമാണെന്ന്
പക്ഷിനിരീക്ഷകൻ
ശ്രീകൃഷ്ണൻ പറയുന്നു .
പക്ഷേ.. കഷ്ടം ! വേണ്ടട്ടോ
താഴേക്കു പതിക്കും വഴി
ഉൽക്കപോലുരഞ്ഞില്ലാതായ
പക്ഷിക്കാഷ്ടം
ശുദ്ധ വെജ് ആയിട്ടുണ്ടാകും
പറഞ്ഞുവന്നത്
വെജിറ്റബിളുകളിലെല്ലാം
ബിരിയാണി കലർത്തിയ കാലത്ത്
പച്ചക്കറി ബിരിയാണി
എന്നപേരിലൊരു കഥ