അടുക്കളയോടുചേർന്ന
തെക്കേപ്പുറത്തെ ചെറിയ വരാന്ത
മൂലയിൽ വൃത്തിയുള്ള
ചപ്പുചവറിടാനുള്ള ബാസ്‌കറ്റ്
(കാലുകൊണ്ട് ചവുട്ടിത്തുറക്കാം)
(മൂക്കുപൊത്താം )
ഇന്നലത്തെ കാളന്റെ ലേശം
സദ്യയുണ്ട വാഴയില
ചായപ്പിണ്ടി പഴത്തൊലി
വാലും തലയുമില്ലാത്ത
രാഹുകേതുക്കളെപ്പോലെ *
കേടായ മൊബൈൽ ചാർജർ
എല്ലാറ്റിനെയും തൊട്ടുകൂടുന്നുണ്ട്
ഏറ്റവും മുകളിൽ ഫിൽറ്റർകോഫിയുടെ
കുപ്പി കുടിച്ചുബോധംകെട്ടതായി
അഭിനയിക്കുന്നുണ്ട്
ഒരു കാല്
തേങ്ങാപ്പാൽ ടിന്നിന്റെ വയറ്റത്താണ്
ആകെ നാനൂറുഗ്രാം ഉണ്ടാകും
നാനൂറുഗ്രാമത്തിനു വേണ്ടി
ഒരു ഗ്രാമത്തെയും
ഒരു ഗ്രാമത്തിനുവേണ്ടി
ഒരു ഗോത്രത്തെയും
ഒരു ഗോത്രത്തിനുവേണ്ടി
ഒരു കുടുംബത്തേയും
ഒരു കുടുംബത്തിനുവേണ്ടി
ഒരു വ്യക്തിയേയും
ഒരു വ്യക്തിയുടെ
ഒരു മാലിന്യം തള്ളുന്ന
ഫാക്ടറിയേയും വേണ്ടെന്നു വെക്കാം
(മൂക്കുതുറക്കാം )
നാനൂറു ഗ്രാമിനെ
ഒരു കിലോഗ്രാമാക്കി മാറ്റണമെന്ന്
ഗണിത നിർബന്ധങ്ങളില്ലെങ്കിലും
മദ്ധ്യവേനലിൽ ചക്കച്ചവുണിയെ
ആഗസ്തിൽ സ്വാതന്ത്ര്യ ദിനത്തിലെ
മിഠായി കവറുകൾ
സെപ്തംബറിൽ നേന്ത്രവാഴ തണ്ടുകൾ
ഡിസംബർ -ജനുവരിയിൽ
കെയ്ക്കുകളുടെയും ഗിഫ്റ്റുകളുടെയും
കവറുകൾ തുടങ്ങിയവയെ
ആശ്രയിക്കാവുന്നതാണ്
അറുനൂറുഗ്രാം പല ഋതുക്കളിൽ
പല വസ്തുക്കളാൽ ഉണ്ടായി
ശുചീകരണ തോഴിലാളിയാൽ
ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യമലയിൽ
എത്തിപ്പെടും .
മല വർദ്ധനവ് രേഖപ്പെടുത്തുമെങ്കിലും
സംസ്‌കരണ യന്ത്രങ്ങൾ
മലവർദ്ധനവിനെ നിയന്ത്രിക്കും.
ശൈശവ ബുദ്ധിയിൽനിന്നും
വാർദ്ധക്യബുദ്ധിയിലേക്ക്
എത്തുന്നതിന്റെ സംബന്ധം
അന്വേഷിക്കുന്നത്
അസംബന്ധമാണ് എന്നതാണ്
തടികൂടൽ പ്രക്രിയകൊണ്ടുദ്ദേശിക്കുന്നത്
----------------------------
* Rahu and Ketu is considered as two strong planetsas per the principles of Indian Vedic Astrology. But astronomically, they do not exist. ... When Moon moves from South to North in its orbit and crosses Sun's path – the incision point is called Rahu or Dragon's Head.According to Vedic astrology Rahu and Ketu are shadow planets. Even though they don’t have a physical existence, they are mathematical points in the sky.