ഈ ബ്ലോഗ് തിരയൂ

2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

മാംസവൈഭവം

മാംസവൈഭവം
------------------------------
നഗരമധ്യത്തിലുള്ള വനത്തിലെ
മൃഗശാലയിൽ
ഒരുവാനരനിൽ പരിണാമം
 നടന്നുകൊണ്ടിരിക്കുന്നതു
കാണാൻ പോകുന്നവരിൽ
അവർ രണ്ടുപേരുമുണ്ട്
അവൾ ന്യൂട്ടന്റേയും
അവൻ ഡാർവിന്റേയും ആരാധകരാണ്
പോകും വഴിയിലുള്ള കഫേയിൽ
വെയിറ്റർ വരുംവരെ
ടൊമാട്ടോ സോസ് കുപ്പിക്കിരുവശത്തായ്
പ്രണയബദ്ധരാണവർ

ഇത്തവണ ചുണ്ടുകൾക്ക് പകരം
ചായകപ്പുകൾ,
കൊളുന്തു നുള്ളുന്നവർക്കുവേണ്ടി
കൂട്ടിമുട്ടിക്കണമെന്നവൾ

കവിളത്തൊരു കളങ്കവും
കരളേലസ്സും കളഭക്കുറിയും
ഉണ്ടായിരുന്നെങ്കിലെന്നൊരു
നുള്ളുകൊള്ളുന്നവൾക്ക്
നോക്കിനിൽക്കെ

പഴുക്കില വീഴുംപോലെ
എന്നിലൂറിവരുന്നവനേ..
അഗ്രമാംസം തന്നെ നീ
ഇത്തിരി വളർത്തുന്നുണ്ട്
ഞാനുമെൻ അന്തരംഗത്തിൽ

ഒരിടത്തൊരു തടാകത്തിൽ മുങ്ങിയാൽ
മാലാഖയാകുമെന്ന്
ആരോ നിന്നോടു പറഞ്ഞിട്ടുണ്ട്
ചിറകുവച്ച മാലാഖമാർ സത്യത്തിലില്ല

കണ്ണുഡോക്ടറുടെ ആകൃതി
കാണാതിരിക്കുവാനുള്ള
കണ്ണടയുണ്ടാക്കുന്നയാളെ
കണ്ടുപിടിക്കണം
ദീപാവലി ശരിക്കുമുള്ളതാണ്

യോഗചെയ്യുമ്പോൾ
അനുസരണക്കേടുകാണിക്കാൻ
നാഭിക്കുമുകളിലായി
കന്നുകിടാങ്ങൾ വരികയില്ലേ ?

തുടകൾക്കിടയിൽ
പൂഴ്ത്തിവയ്പ്പുകാരുടെ
ധാന്യക്കൂമ്പാരങ്ങൾക്കു ചുറ്റുമിരുന്ന്
കാവൽക്കാർ മുച്ചീട്ടു കളിക്കയില്ലേ ?

വിഭവങ്ങൾ നിരന്ന ടേബിൾ
ഉലർന്നുണർന്ന രസമുകുളങ്ങൾ
പിളർന്നത്‌, വറുത്തത്
ഊറിയൂറി കിതക്കുന്ന രുചികൾ

വിപരിണാമാനന്തരം ഗ്രിഗറി സാംസ *
എന്താകുകയായിരുന്നു ?
വിശക്കുന്നതു തന്നെ ഹിംസയാണെന്ന്‌
ഖസാക്കുകാരാനൊരിക്കൽ എഴുതിയിട്ടുണ്ട് *
--------------------------------------------------------------------
* കാഫ്കയുടെ പ്രസിദ്ധമായ മെറ്റമോർഫോസിസിലെ പ്രധാന കഥാപാത്രം
* പ്രസിദ്ധ നോവലിസ്റ്റ് ഒ.വി .വിജയൻ