http://jayanedakkat.blogspot.com/

2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ഭ്രമവശഗന്‍ (Bramavasakan)

ഭ്രമവശകന്‍ (Bramavasakan)
-----------------------
യുഗേ യുഗേയെന്നു വിശ്വസിക്കുന്നത്
സുഖമായ് ഭവിക്കുമെന്ന
അതേ തുമ്പപ്പൂ വീണ്ടും വിടരുമെന്ന പ്രതീക്ഷ

കല്പ കല്പേ ഫേസ്ബുക്കിലും
പുസ്തകത്തിലും താളിയോലകളിലും
പുരാലിഖിതങ്ങളിലും കവിതകള്‍ക്കൊന്നും മാറ്റമില്ല
അതേപ്രവിശ്യയിലെ കവിതകള്‍

പറഞ്ഞാല്‍ വിശ്വസി ച്ചേക്കില്ല
കിഴക്ക്, പത്തുമണി ,ചതുരം, കറുപ്പ്
ഒന്നിനും വ്യത്യാസമില്ല

അതേ സർക്കാര്‍, ഇ എം എസ്സിന്റെ
കണ്ണടക്കും മാറ്റമില്ല
പേന , ആര്യഅന്തര്‍ജനം
ഏലംകുളം മന
അതേവിഷാദം
'വിക്കന്‍ നമ്പൂതിരിപാടേ...'
എന്ന അതേ വിമോചനസമരജാഥ

എല്ലാ തവണയും അഭയാര്‍ത്തിയാകാന്‍
അയാളെ തന്നെ അണിയിച്ചിരിക്കുന്നു
യുദ്ധ പ്രഖ്യാപനം നടത്തിയ പ്രസിഡണ്ടിന്റെ
വസ്ത്രങ്ങള്‍ ഒരുക്കിയ തയ്യല്‍ക്കാരന്‍
ഒസ്സ്യത്ത്എഴുതിയത് അതേഭാര്യക്കു തന്നെ

വാഹനാപകടത്തിലും തീപിടുത്തത്തിലും
രക്ഷകനായ  ഓട്ടോഡ്രൈവര്‍
അപഹരിക്കപ്പെട്ട ചുവര്‍ചിത്രം
നാടകത്തിലെ വിദൂഷകന്‍
പരീക്ഷണശാലയിലെ ശാസ്ത്രജ്ഞന്‍
ഗുരുവായൂരമ്പലം നിന്നിരുന്ന സ്ഥലം
പള്ളികമ്മിറ്റി പ്രസിഡണ്ട്

വ്യഥകളേ വേണ്ടെന്നു കരുതലെടുത്തേക്കൂ
കാരണം അതേ പെണ്‍കുട്ടി
മറ്റേ മതക്കാരനുമായിതന്നെ
വീണ്ടും ഒളിച്ചോടും
അതേ സ്വര്‍ണകടത്തുകാരനെ
അതേ എയര്‍പോര്‍ട്ടില്‍ വച്ച് പിടികൂടും
സിദ്ധാന്തങ്ങളും ഇസങ്ങളും
അതേ മസ്തിഷ്കങ്ങളെതന്നെ .
അതേ മരണങ്ങള്‍ആവർത്തിച്ചു  അഭിനയിക്കും
വള്ളിപുള്ളി വിടാതെ അയാൾ
ആ ലേഖനം വീണ്ടുംഎഴുതും
അതേക്യൂവില്‍, ഓഫീസില്‍,വിദ്യാലയത്തില്‍ ,
കിടപ്പറയില്‍ ശവസംസ്കാര ചടങ്ങിലെ ഗന്ധത്തില്‍

പണ്ടും കുട്ടികള്‍ ചോദ്യം ചോദിച്ചിട്ടുണ്ട്
സീതയുടെ രാമന്‍ ആരാണെന്ന്‌?
'യുടെ ' എന്ന പ്രത്യയം ഒഴിവാക്കി
സീത -രാമന്‍ ആരാണെന്ന്‌ ചോദിച്ചപ്പോഴും
ഉത്തരം അതുതന്നെയായിരുന്നു
ത്രേതായുഗത്തില്‍ രാവണനില്ലെന്ന് ,
പൂജ്യനായിരുന്ന അയാള്‍ തന്റെ
തന്നെ ചിത്രത്തിനു മുന്‍പില്‍
പൂജാരിയായി നിൽക്കയാണിപ്പോൾ