ഇത്തവണ ലേഡിഗാഗ
ചുവന്ന സമുദ്രത്തിൽ
പള്ളിയോടത്തിൽ
കറുപ്പ് നിശാവസ്ത്രമുടുത്ത്
അസ്ഥിമാലയണിഞ്ഞ്
ഒൻപതു മുഖവും
പതിനെട്ടു കൈകളുമായി വരുമ്പോൾ
ഒരു ടീഷർട്ടിനുള്ളിൽ
നീയും ഞാനും ഒട്ടിനിന്ന്
തേനും തൈരും വാരി വിതറി
മുറുക്കിച്ചുവക്കാനില്ലെന്ന്
പറഞ്ഞു കഴിഞ്ഞു
വയലോരങ്ങളിൽ
ആരോ മറന്നുവെച്ച
താക്കോൽ കൂട്ടത്തിലെ ഒന്ന്
പിച്ചളകൊണ്ടുണ്ടായാക്കിയതാണെന്നും
അല്ലെന്നും വിഭജിച്ച്
ഒരു സന്ധ്യയെ പിടിച്ചുകെട്ടാൻ
നമുക്ക് കഴിയാതെ പോയിരിക്കുന്നു
തൈരാകുന്നതിനു മുൻപുള്ള
പാലിന്റെ ഓർമ്മകൾ
വളർന്ന് വളർന്ന്
നാം നമ്മെ കൈവിട്ടുകളയും
വരെ എത്തിയിട്ടുണ്ട്
നിശ്ചലതയുടെ ഒരു മഴയെ
തോർത്തിയെടുക്കാൻ
നമ്മൾ അടുത്ത
ജന്മത്തിലും പ്രണയിക്കും
ആരവമുണ്ടാക്കാൻ
അവസരമുണ്ടാകുമോയെന്നു നോക്കി
പോയ ഇടത്തില്ലെല്ലാം
നാം ഊരിയെറിഞ്ഞ
കാലം കൊത്തിവച്ച ടീ ഷർട്ടുകൾ
കാലഹരണപ്പെടുന്നുണ്ട്
പോൾപോസിഷനിൽ
ലെവിസ് ഹാമിൽട്ടൺ
എത്തുമ്പോൾ
ദ്രാവകത്തിന്
ഖരത്തിന്
വാതകത്തിന്
പ്ലാസ്മക്ക്
ഫെര്മിയോണിക് സഘനകത്തിന്
ഷാമ്പയിന്ന്
സംഭവിക്കുന്നതുതന്നെയാണ്
ദീപാവലിക്കും സംഭവിക്കുന്നത്
എന്ന് ദർശിച്ച
ദ്രഷ്ടാക്കളെ നമ്മളാണ് ദർശിച്ചതാണ്