///////////////////////////////////////////////////////////////////////////////////////////////
മധ്യവേനലവധിയില്ലാത്ത മധ്യപൂർവ്വദേശത്ത്
ദുബൈ പാം ജുമൈരയിലെ
തുകകൂടിയൊരു ഫിഷ് സ്പായിൽ
പൂർണ്ണ നഗ്നയായികിടക്കുന്നു
അഖില തൃശ്ശിവപേരൂർ
'ഫീലിംഗ് ഇക്കിളി ' (അനുയോജ്യമായ ഇമോജി ഇല്ല )
എന്ന പോസ്റ്റിനു തീപ്പിടിക്കുന്നു
ഓടിയെത്തുന്നു തെക്കുപടിഞ്ഞാറൻമഴ ,
കേട്ടവർ , കണ്ടവർ
തീയണക്കാൻ
""കാണായ് രണ്ടു തുടകൾക്കിടയിൽ
നീലാഞ്ജനത്തിൻ പൂവോ പരൽമീനോ... ""
എന്ന മണിപ്രവാളം പഠിപ്പിക്കാൻ
വെപ്രാളംപൂണ്ട അധ്യാപികയെ
കുറിച്ചോർത്തു ചിരിക്കുന്നതിനിടയിൽ
എത്രമീനുകൾ ഉടലിൽകൊക്കുരുമ്മിയെന്നു
അറിഞ്ഞതേയില്ലവൾ
ഒരായിരം കുഞ്ഞുമീൻ കൊത്തുകൾ ചേർന്ന്
മൂർച്ചയാകുംമുമ്പ്
ഓടിയെത്തിയവൾ പട്ടുപാവാടയിൽ.
കടവിലെ പിലാപിയകൾ
വഴിപാടു ധാന്യം തിന്നുമ്പോൾ
ഒഴുകിയതാ പോകുന്നു
അറവുശാലയിലെ വൻകുടൽ
പിന്നാലെ കോണകം ,
സ്വാമിയേ.. ശരണമയ്യപ്പാ തോർത്തുമുണ്ടിനെ
തൊട്ടുതൊട്ടില്ലെന്നൊരു നാപ്കിൻ ,
മതി മതി ...
പുഴ ഒരു കളിയിലെ ഓഫ് ലൈനാണ്
അതു തീണ്ടരുത്