http://jayanedakkat.blogspot.com/

2017, മാർച്ച് 19, ഞായറാഴ്‌ച

അന്ധവിശ്വാസത്തോടെ മരിച്ചപെണ്കുട്ടികൾ കൂടുതൽ ഭംഗിയോടെ തിരിച്ചുവരും

അന്ധവിശ്വാസത്തോടെ മരിച്ചപെൺകുട്ടികൾ
 കൂടുതൽ ഭംഗിയോടെ തിരിച്ചുവരും
///////////////////////////////////////////////////////////////////////////
ചെമ്പരത്തിപ്പൂക്കളുടെ സംസാരശേഷി
തിരിച്ചുകിട്ടില്ലെന്ന
ഉറച്ചവിശ്വാസത്തിൽ ഒരുപാടുപേർ
മരിച്ചുപോയിട്ടുണ്ട്
കിട്ടുമെന്ന് വിശ്വാസംവരുമ്പോൾ
അവർക്കു തിരികെ വരാനാകും
തീർച്ച

സമുദ്രം ഒരിക്കലും
ഒറ്റക്കാലിൽ
ചെറിയ മതിൽചാടികടക്കാൻ
ശ്രമിക്കുകയില്ലെന്നു കരുതി
മരണം വരെ
പടിഞ്ഞാറെ പടിപ്പുരയുടെ മതിൽ
സദാ ബലപ്പെടുത്തികൊണ്ടിരുന്ന്
'സ്നേഹമതിൽ' എന്നു വിളിച്ചവരുണ്ട്

സമയമാകുമ്പോൾ
ഗ്രഹങ്ങളും നക്ഷത്രങ്ങളും
അച്ചടക്കമുള്ള സൈനികരെപോലെ
വരിവരിയായി വന്ന്
സലിയൂട്ട് നൽകില്ലെന്ന് കരുതി
ശാസ്ത്രജ്ഞരാകാൻ തീരുമാനിച്ച
പട്ടാളമേധാവികളുണ്ട്

മനുഷ്യനായി ജന്മമെടുത്ത
നാലുപ്രാവശ്യവും
മൂക്കുത്തി ധരിച്ചു മരിച്ചുപോയ
പെൺകുട്ടികൾ
അഞ്ചാംതവണ
മൂക്കുത്തിയോടുകൂടിയാണ്
പിറക്കുകയെന്നതറിയാതെ
മരിച്ചുപോയിട്ടുണ്ട്

വെളുത്ത വസ്തുക്കൾ
സൗജന്യമായി
സ്വീകരിക്കാതിരുന്നാൽ,
ചുവന്ന മുഖമുള്ള
വാനരന്മാർക്ക്
പനംശർക്കരചേർത്ത്
ചോറു നൽകിയാൽ ,
രാത്രിയിൽ ഭക്ഷണം
പാകം ചെയ്തശേഷം
പാൽ  ഒഴിച്ച് തീകെടുത്തിയാൽ ,
പതിവായി
വെളുത്തതൊപ്പി ധരിച്ചാൽ,
വീടിനു വിശാലമായ
മുറ്റമുണ്ടാക്കിയാലും
സൂര്യൻ കൊച്ചുകുട്ടിയെപോലെ
നമ്മുടെ അടുത്തുവന്ന്
സംസാരിക്കില്ല എന്നു
വിശ്വസിച്ചുകൊണ്ട്
മരിച്ചുപോയ മനുഷ്യരുണ്ട്












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ