ഈ ബ്ലോഗ് തിരയൂ

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

നൂറു വിഗ്രഹങ്ങൾ ഉണ്ടാകട്ടെ

ഷട്ട്ഡൌൺ ചെയ്താൽ കമ്പ്യൂട്ടർ ഒരു
ബുദ്ധ വിഗ്രഹമാണ്
ധ്യാനം പ്രതിഫലിക്കാൻ-
കുത്തിനിർത്തിയ ചതുരം.

കാറുകളിലും സാൻഡ് വിച്ചുകളിലും
മൊബൈൽ ഫോണുകളിലും
എ.റ്റി.എം കാർഡുകളിലും
ബുദ്ധവിഗ്രഹങ്ങൾ ഒളിഞ്ഞിരിക്കുന്നു;
ധ്യാനിച്ചിരിക്കുന്നു.

പുലി, അതിന്റെ ഉള്ളിലൊരു
ബുദ്ധനെ ഉറക്കുന്നു
വായിലൂടെ കൈകടത്തി,
വാലറ്റത്തു പിടിച്ച് പുറത്തേക്കു
 മറിച്ചാൽ കാണുക
ധ്യാനബുദ്ധനെയാണു.
അപ്പോൾ അകമേ അത്
 പുലിതന്നെയായിരിക്കും

സൂര്യൻ ചെറുവൃത്തത്തിനു ചുറ്റും
പുറത്തേക്കു ആരക്കാലുകൾ
വരച്ച ചിത്രമല്ലന്നും
അരിവാൾ രൂപംപൂണ്ട
 പ്രകാശമല്ല ചന്ദ്രികയെന്നും
മൂർച്ചകൂട്ടാൻ അരിവാളിൽ
ചുറ്റികകൊണ്ടു ഇടിച്ചപ്പോൾ
ഉണ്ടായ തീപ്പൊരിയല്ല
നക്ഷത്രങ്ങൾ എന്നും നമുക്കറിയാം
ധ്യാനബുദ്ധന്റെ
ഭാവുകത്വ വിലാസങ്ങളാണല്ലോ അവ .

ഏറ്റവും ഉയരം കൂടിയ കെട്ടിടം
ഏറ്റവും ഉയരം
 കൂടിയ ബുദ്ധവിഗ്രഹമാണെന്ന്
തട്ടിയെടുത്ത വാഹനത്തിൽ
സ്വയപൊട്ടിത്തെറിക്കുന്ന
ചാവേറിനറിയാത്തപോലെ
ശില്പിക്കും അറിയാതായിരിക്കുന്നു.

സോഷ്യൽ നെറ്റ് വർക്ക്‌  സൈറ്റുകളിലെ
പ്രൊഫൈൽ ഫോട്ടോകൾ
ദ്രുതഗതിയിലുള്ളൊരു ആയോധനകല പോലെ
ചലനാത്മകമായൊരു ബുദ്ധവിഗ്രഹമാണ്

ചൈനയിലുണ്ടാക്കിയ കൃഷ്ണവിഗ്രഹങ്ങളും
ഗണപതിവിഗ്രഹങ്ങളും ,സരസ്വതിവിഗ്രഹങ്ങളും
ചതുരത്തിലാണ്.
ക്രിസ്റ്റലിലുള്ള വിഗ്രഹങ്ങൾ, മൂലകളിൽ
നക്ഷത്രക്കണ്ണുള്ളവയും ഉണ്ട്.
ചുവന്ന സ്വസ്തികകളും
ഓംകാരങ്ങളും ത്രിശൂലങ്ങളും
 ചൈന ചതുരപ്പെടുത്തിയിരിക്കുന്നു.
ദേശാടനപ്പക്ഷിക്കൂട്ടങ്ങളെപ്പോലെ
ക്ഷേത്രനഗരികളിൽ
അവ വില്പനക്കെത്തിയിരിക്കുന്നു,
എല്ലാറ്റിലും ബുദ്ധന്മാർ
ധ്യാനിച്ചിരിപ്പുണ്ട്
ചാരബുദ്ധന്മാരെന്നുകിംവദന്തിയുണ്ടെങ്കിലും
 യുവതകൾനീരാടുന്ന രണാങ്ക്ണങ്ങളെയും
ചുവന്ന ചത്വരങ്ങളയും അവ ഓർമ്മിപ്പിച്ചു.

അയ്യപ്പൻ നായരുടെ പീടികയിലേതിനേക്കാളും
രവിയേട്ടന്റെ ഗിഫ്റ്റ്ലാന്റിലേതിനേക്കാളും
മനോഹരമായ ചൈനീസ് കൃഷ്ണവിഗ്രഹങ്ങൾ.
മണ്ഡലകാലത്ത് രാജസ്ഥാനിനാടോടികൾ
കൊണ്ടുവരുന്ന വർണക്കൂടുതലുള്ള
മീരാസ്പദ കൃഷ്ണവിഗ്രഹങ്ങളിലും
ബുദ്ധ്ന്മാർ ധ്യാനിച്ചിരിക്കുന്നു.

ദ്രവ്യങ്ങൾക്കകമേ പിണ്ഡഗുണം നൽകാൻ
സദാ ചിരിക്കുന്നൊരു ബുദ്ധനുണ്ട്
ദൈവകണമെന്നാണു പേർ
മുദ്രാവാക്യപുരസ്സരമോ?
മന്ത്രപുരസ്സരമോ?
ഉണർത്തേണ്ടതുണ്ട്.