കണ്ണുകൾ സ്വന്തമായി കണ്ണും
കാഴ്ചയുമുള്ള
സ്വതന്ത്രജീവികളാണെന്ന
പഴയ നേത്രജ്ഞാനങ്ങൾ
എവിടെയോ ഇരുന്ന്
പറയുന്നതുകൊണ്ടാകാം
എന്റെ കണ്ണുചൊറിയുന്നുണ്ട്
പക്ഷെ ,
'കുട്ടീ ...ഒന്നുണർന്നു നോക്കൂ ....'
എന്നുകേട്ടാണ് ഞാനുണർന്നത്
ഭാര്യ അമനസ്കയോടൊപ്പം
കിടന്നതായിരുന്നു
മദ്ധ്യവേനൽകാലമായിരുന്നിട്ടും
വിയർത്തൊട്ടിയിട്ടും
ഉണർന്നിട്ടും
എത്ര ചപ്പിയാലും പിടിവിടാൻ
തോന്നാത്തൊരു' മുട്ടികുടിയൻ'
മാമ്പഴത്തിലൊട്ടി ഞങ്ങൾ
പുണർന്നേ കിടന്നു
എന്നിട്ടും ,
പുലർച്ചെ തന്നെ
അവളെ എന്നെന്നേക്കുമായി
ഉപേക്ഷിച്ചു പോന്നു
അവളെ മാത്രമല്ല
എന്നെ പ്രശംസിക്കാൻ പുറപ്പെടുകയും
ഇനിയും എത്തിച്ചേർന്നിട്ടുമില്ലാത്ത
വാക്കുകളെ
സിഗരറ്റുവലിക്കുമ്പോൾ
എന്നിൽനിന്നും പുറപ്പെടുന്ന
കരിഞ്ഞ മനുഷ്യമാംസത്തിന്റെ
ചുണ്ടിനെ തലോടി
പൂർവ്വജന്മ പാപസ്മരണകളുണർത്തി
മൂർച്ചയാകും വരെ പൊട്ടിക്കരയാൻമാത്രം
വിലകൂടിയ പല പല
സിഗരറ്റുകളുമായി വരുന്നവളെ
തേനീച്ചയിൽ അടങ്ങിയിരിക്കുന്ന
'ഈച്ചയെ മാറ്റണോ
തേനിനെ മാറ്റണോ '
എന്ന ദ്വയാർത്ഥമുള്ളസൂക്തങ്ങൾ ജപിച്ച്
വാക്കുകൾക്കുള്ള
മറുപടികൾക്കുള്ള
മൗനത്തിനുള്ള ;
മനസ്സ് പുറപ്പെട്ട
ചന്ദ്രഗ്രഹത്തിലേക്ക്
യാത്രചെയ്യാൻ പറഞ്ഞ വാക്കിനെ
പല കാമനകളേയും
മസ്തിഷ്കകാമനകളാക്കി മാറ്റി
പണിയുന്ന
വിഭാര്യസമൃദ്ധമായ യൗവ്വനാലയത്തിൽ
പൂക്കൾക്ക് മണവും നിറവും
നൽകുന്ന ദേവതയുടെ
മൂലമന്ത്രം കേൾക്കാനാണെന്ന വ്യാജേനെ
പതിവായി വരുന്നവളെയും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ