http://jayanedakkat.blogspot.com/

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

റേഡിയോ പാടട്ടെ ഡുകൃഞ് കരണേ...

റേഡിയോ പാടട്ടെ
ഡുകൃഞ് കരണേ ........
----------------------------------
അങ്ങാടിയിലെ സെക്കനന്റ് *
പീടികയില്‍ നിന്നു വാങ്ങിയ 
റേഡിയോ പാടം കടക്കുന്നു,
ആനന്ദനീലപ്പട്ടുസാരിയുടുത്ത്
ഭജഗോവിന്ദം പാടി *
സുബ്ബലക്ഷ്മിയും കൂടെ.
ഞാറ്റുകണ്ടം കടക്കുമ്പോള്‍
കാലൊന്നു തെന്നി
സെന്റീമീറ്ററിന്റെ നൂറ്റിലൊരുഭാഗംകൊണ്ട്
മറിഞ്ഞുവീണു തൃശൂര്‍ ആകാശവാണിയിലേക്ക്
നിലയവാദ്യക്കാരവിടെ
പഞ്ചാരിമേളം നിര്‍ത്തുന്നു
ബിസ്മില്ലഖാന്‍ കടന്നു ചമ്രം പടിഞ്ഞിരിക്കുന്നു
ദേശീയ ദുഃഖത്തെ ഷെഹനായ് തലോടുന്നു.
ദില്ലി ദേശീയ നിലയത്തില്‍
ഭീംസെന്‍ ജോഷിയുടെ വായ്പാട്ടില്‍
സ്വര്‍ണ്ണസ്വര മൂവര്‍ണ്ണപതാക
പതറാതെ പാറുന്നു.
വീട്ടില്‍ പെന്‍ഡ്രൈവുപാടുന്നു
ഉന്മാദിച്ചുണ്ണികള്‍ ആടുന്നു
ഐട്യൂണില്‍ നാവോറ്
കരിന്തല കൂട്ടങ്ങള്‍, കൊലവെറി കൂട്ടങ്ങള്‍.
ഉഴവുകലപ്പയില്‍ തട്ടുന്നു -
കാസറ്റ് സിഡി പോഡ് ഡിവിഡികള്‍,
പൂട്ട് യന്ത്രം ഉഴറുന്നു
നഹി നഹി രക്ഷതി ഡുകൃഞ് കരണേ *
***************************************************
* സെക്കനന്റ് - സെക്കന്റ് ഹാന്‍ഡിന്റെ ഗ്രാമ്യപദം.
* ഭജഗോവിന്ദം - ശ്രീ ശങ്കരാചാര്യരുടെ ചര്‍പ്പട പഞ്ജരികാസ്‌തോത്രം
* നഹി നഹി രക്ഷതി ഡുകൃഞ് കാരണേ- ഭജഗോവിന്ദത്തിലെ ആദ്യഖണ്ഡത്തിലെ അവസാനവരി (ഡുകൃഞ് കരണേ) എന്നത് പാണിനിയുടെ ''സിദ്ധാന്തകൗമുദി''യിലെ ഒരു വ്യാകരണസൂത്രമാണ്.
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ.
സംപ്രാപ്‌തേ സന്നിഹിതേ കാലോ
നഹി നഹി രക്ഷതി ഡുകൃഞ് കരണേ
അര്‍ത്ഥം : ഹേ മൂഢബുദ്ധേ, ഗോവിന്ദനെ ഭജിക്കുക. നിരന്തരം ഗോവിന്ദനെ മാത്രം ഭജിക്കുക. മരണകാലമടുക്കുമ്പോള്‍ 'ഡുകൃഞ് കരണേ എന്ന ജപം നിന്നെ രക്ഷിക്കുകയില്ല.