http://jayanedakkat.blogspot.com/

2011, ഏപ്രിൽ 30, ശനിയാഴ്‌ച

മധ്യപൂര്‍വ്വദേശത്ത്

മധ്യപൂര്‍വ്വദേശത്ത്
 വിപ്ലവം ഫേസ്ബുക്കിലൂടെ
തെരുവിലേക്കെത്തുന്ന വീട്ടുമുറ്റത്തേക്കെത്തുന്ന
തുടിക്കുന്ന  ഓൺലൈൻ
പേറുന്നു തീപ്പന്തങ്ങള്‍
പൂക്കളുടേയും നിറങ്ങളുടേയും പേരുള്ള--
വിപ്ലവങ്ങള്‍
അതിവേഗത്തില്‍ ബാഷ്പീകരിക്കപ്പെട്ടുപോയ
സുഗന്ധദ്രവ്യങ്ങള്‍ അമ്മ്ലമായ് ഘനീഭവിക്കുന്നു.

പ്രിയ നാദിയാ
ദുബായിലാണു ഞാന്‍ ജോലിചെയ്യുന്നതെങ്കിലും
വാടക കുറവുള്ള ഷാര്‍ജയിലാണുതാമസം
അവീര്‍ മാര്‍ക്കറ്റില്‍ നിന്റെ ഉപ്പ ജോലി
ചെയ്തിരുന്ന ഇടം ഞാന്‍ കണ്ടു
ചിത്രകാരനും ബ്രഷുമില്ലാതെ
നിറക്കൂട്ടുകളുടെ ഉണങ്ങിയ പാടുകളുമായി
ഒരു ഡിഷ്
നിന്റെ നിറങ്ങളുടെ ഛായയുള്ള
ചായങ്ങളുടെ പാടുകള്‍
കഴിഞ്ഞ തീപ്പിടുത്തത്തില്‍ നിന്നും
രക്ഷപ്പെട്ടു കിടപ്പുണ്ട്.

ദൈരയില്‍നിന്ന് ബര്‍ദുഭായ് അമ്പലത്തിലേക്ക്
അബ്ര കടക്കുമ്പോള്‍
മണത്തല ഹൈസ്കൂളിലുണ്ടായിരുന്ന
എസ് എഫ് ഐ യുടെ ശശിയെ
ശ്രീകൃഷ്ണ കോളേജിലെ ഗസ്റ്റപ്പോയിലുണ്ടായിരുന്ന
ഷിനോജിനേയും ജയശ്രീയേയും
കുമാരന്‍മാഷുടെ സ്കൂളില്‍ പഠിച്ചിരുന്ന
വേല്‍തൈലം എന്ന വിളിപ്പേരുണ്ടായിരുന്ന
സജീനയേയും കുടുംബത്തേയും കണ്ടുമുട്ടി.

മരങ്ങളുടേയും ജലവിതാനങ്ങളുടേയും
ഇടയില്‍നിന്ന് മരുഭൂമിയിലേക്കു വന്ന്
മരം വെച്ചുപിടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ
ഉദ്വിഗ്നതകള്‍ സങ്കുചിതമായി നടത്തിയ
ബീജസങ്കലനം പോലെ വിളര്‍ത്തുകിടക്കുന്നു .

പിന്നെ
പലരുടേയും ആള്‍ക്കാര്‍
പല കാലങ്ങളില്‍നിന്നും
പടിയിറക്കപ്പെട്ടവര്‍

നജീബുള്ളയുടെ, സദ്ദാമിന്റെ,
അറാഫത്തിന്റെ,ഹരീരിയുടെ
ന്റെ, യുടെ ആള്‍ക്കാര്‍എന്ന്
അഭിമാനിക്കുന്നവര്‍
കുര്‍ദുകള്‍,നോപാസ്പോര്‍ട്ടുകാരായ
ബലൂചികള്‍
ഗാസയില്‍നിന്നുള്ളവര്‍,
ഗോലാന്‍ കുന്നുകളില്‍ നിന്ന്
ഡാര്‍ഫറില്‍ നിന്ന്,വസീരിസ്താനില്‍നിന്ന്
ഗ്രോസ്നിയില്‍ നിന്ന്
തെക്കും വടക്കുമായ് മാറിയ സുഡാനില്‍നിന്ന്.

ജുമൈരാ ബീച്ചില്‍ വെടിയേറ്റുമരിച്ച
ചെച്നിയന്‍ യുദ്ധനേതാവ്
റൊട്ടാന ഹോട്ടലില്‍ കൊല്ലപ്പെട്ട
ഹമാസ് നേതാവ്
ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടക്കുന്ന ഈജിപ്ഷ്യന്‍
ഗായിക സൂസന്‍ തമീം

എമിറാത്തികളായി മാറിയ മലബാറികള്‍
അറബി സഹോദങ്ങളായ നമ്മുടെ
കാദര്‍,അഷറഫ്,അക്ബര്‍,ഷമീറ,ആമിന
തെക്കരകത്ത് കരീം ഹാജി.
എമിറാത്തിവീടുകളിലെ ഉത്തരങ്ങളിലെ
മരങ്ങള്‍
കത്തികള്‍ പാത്രങ്ങള്‍ ,സമോവറുകള്‍.

പച്ചപ്പട്ടാളച്ചിട്ടകള്‍ക്കപ്പുറം
മനുഷ്യാഭിമാനത്തിന്റെ ജാഗ്രപ്പെടുത്തലുകളുടേയും
ബലികുടീരങ്ങളിലഭിമാനിക്കാന്‍ ഇനിയുമേറെയുണ്ടെന്ന
ഗാനങ്ങളാലും മുഖരിതമാകുന്ന
സോഷ്യല്‍ സാഹോദര്യ നെറ്റുവര്‍ക്കുകള്‍.

ചാറ്റ് മുറിയില്‍
വെബ് ക്യാമറക്കെണിയില്‍
നഗ്നമാംസവും കോര്‍ത്തിട്ട്
ഒളിഞ്ഞിരിക്കുന്നവരെ നിരാകരിച്ചുകൊണ്ടു ചിലര്‍
ജനാധിപത്യത്തെ പറ്റി പറയാന്‍ വരുന്നു.
ഫാംവില്ലെകളില്‍ നിന്നും
ഗെയിംസ് മുറികളില്‍ നിന്നും
വിമതലൈംഗിക കൂട്ടങ്ങളില്‍നിന്നും
രതിയുടെ നിരുക്തവും നിരര്‍ത്ഥവും
പര്യായവും വിപരീതവും അര്‍ത്ഥവും അനര്‍ത്ഥവും
പറഞ്ഞ് സമയം ധൂര്‍ത്തടിച്ചിരുന്നവര്‍
പോരാട്ടങ്ങള്‍അന്വേഷിക്കുന്നു.

തന്റെ, മരുഭൂമിയിലെ ബദൂവിയന്‍ ഗോത്ര പൂര്‍വ്വികര്‍ക്ക്
മരുഭൂമിയില്‍ തുഴയാന്‍
ബ്രിട്ടീഷുകാര്‍ ലാന്റ് റോവര്‍ കാറുകള്‍ നല്‍കിയതും
അവര്‍ ഇന്ത്യയില്‍നിന്ന് ഉരുവിലെത്തിയ
അരി രുചിച്ചതും
അവര്‍ ദൈവത്തോടു പ്രതിഷേധിച്ച്
പ്രാര്‍ത്ഥിക്കാതിരുന്നിരുന്നതും
ചിലപ്പോള്‍ തര്‍ക്കിച്ചിരുന്നിരുന്നതും
ഫാള്‍ക്കണ്‍ പക്ഷി നോട്ടങ്ങളില്‍ മരുഭൂമിയറിഞ്ഞതും
ഒട്ടകസഫാരിക്കിടയില്‍
തുകല്‍ സഞ്ചിയിലെ ദാഹജലത്തില്‍ നിന്നും
മരുപ്പച്ച വിതച്ചതും
മരീചികകള്‍ കീഴടക്കാന്‍
മരം വച്ചുപിടിപ്പിച്ചിരുന്നതും
ദൈവവിശ്വാസമില്ലാത്ത മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗിനെ
അറിയിക്കാന്‍
ഫേസ്ബുക്കിലെ ബദൂവിയന്‍
 കൂട്ടുകാരനു കഴിയുന്നിപ്പോള്‍.

മധുരം കാരക്കയുടെ കാഠിന്യത്തിനകത്തു
ഞെങ്ങി ഞെരുങ്ങിക്കഴിയവെ
മലബാറില്‍ നിന്നു വരുന്ന
വാഴപ്പഴത്തിലും
തെക്കുകിഴക്കേഷ്യയുടെ ചെറുതേനിലും
മധുരം ഏറെ മധുരിച്ചുപോയിരികുന്നത്
മധ്യേഷ്യയിലെത്തുമ്പോഴാണ്.

പൊട്ടിയ ഞെക്കിത്തുറപ്പന്‍ പേനയുടെ
സ്പ്രിങ്ങുപോലെ ലിപികള്‍ മധ്യേഷ്യന്‍
മരുക്കാറ്റില്‍ നിവരാന്‍ തുടങ്ങിയപ്പോള്‍
സബ്സഹാറന്‍ ഉച്ചാരണത്തില്‍
വള്ളിപുള്ളികള്‍ ഉരിഞ്ഞ്
കാവത്തും കാട്ടുതേനും ഭക്ഷിച്ച്
പട്ടുനൂല്‍ പാതയിലൂടെ മുദ്രാവാക്യമായി
ഐവറികോസ്റ്റിലെ കൊക്കോയ്ക്ക് സാന്ത്വനം
നേര്‍ന്ന്
ജീന്‍സിനും റ്റീ ഷര്‍ട്ടിനുമുള്ളില്‍ കുടിയുറങ്ങുന്ന
ലിബിയന്‍ ,അള്‍ജീരിയന്‍,ടുണീഷ്യന്‍
ഗോത്ര വീര്യങ്ങളുടെ സംഘഗാനങ്ങളില്‍
‍വരികളായി നഗരങ്ങളിലേക്ക്.

നഗരത്തില്‍
നങ്കൂരമിട്ട കപ്പലുകളേപ്പോലെ
ഷോപ്പിംഗ് മാളുകള്‍
ചരിത്രവ്യക്തിത്വങ്ങളുടെയും
വിശ്വാസങ്ങളില്‍ നിന്നും നാമകരണം ചെയ്യപ്പെട്ട
ഇബുന്‍ബത്തൂത്ത മാള്‍
മാള്‍ ഒഫ് എമിറേറ്റ്സ്,ബുര്‍ജുമാന്‍,
പലചരക്കു വ്യാപാരതിന്റെ അവസാനവാക്കായ
ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളും
എമിറാത്തികള്‍ക്ക് അന്നം
രുചിപ്പിക്കാന്‍
ഗുജറാത്തില്‍നിന്നു ഗോതമ്പുമായെത്തിയ
പഴയ കപ്പലുകള്‍
 'ചൊയിത്രം' സൂപ്പര്‍മാര്‍ക്കറ്റുകളായി
മോടികൂട്ടി കിടപ്പുണ്ട്.

ചന്ദനക്കുടം നേര്‍ച്ചകളില്‍നിന്നും
ആറാട്ടുല്‍സവങ്ങളില്‍ നിന്നും
തട്ടകങ്ങളിലെ പരദേവതകളില്‍
നിന്നും അറബിക്കടല്‍ കടത്തപ്പെട്ടവര്‍
ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍
തിങ്ങിക്കൂടിയിരിക്കുന്നു
സുവര്‍ണ ഭാഗ്യക്കൂപ്പണുകളുടെ
പര്‍ദ്ദമൂടിയ ഭാഗ്യക്കണ്ണുകളെ ഉന്മീലനം ചെയ്യുന്നു.

സ്റ്റാളുകളില്‍
വിപ്ലവഗാനം കേട്ടു പുകയുന്ന കുന്തിരിക്കം
മരുഭൂമിയില്‍ മുകില്‍കൊണ്ടു പെയ്ത
അത്തറിന്റെ സുഗന്ധത്തില്‍
ബഹുസ്വരത്തിന്റെ ജനാധിപത്യം.

യമന്‍കാരുടെ സ്റ്റാളില്‍
ഔഷധതേനും അവയുടെ വണ്ടുകളും
സുഗന്ധവ്യഞജനങ്ങളും .
അരപ്പട്ടയില്‍ ഗോത്ര മുദ്രകളുമായി
സനയിലെ സര്‍വ്വകലാശാലാ വിദ്യാത്ഥികള്‍ക്ക്
ഐക്യദാര്‍ഢ്യം പാടി
കറിക്കൂട്ടു വില്‍ക്കുവവരുണ്ട്.

ഈജിപ്തു സ്റ്റാളില്‍
കെയ്റോയിലെ സ്വാതന്ത്ര്യചത്വരത്തില്‍
നിന്നുള്ള ഗാനങ്ങള്‍
അനശ്വരതയുടെ മമ്മിക്കുഴകൊണ്ട്
നൈല്‍ നദിയോരം അരക്കുന്നവര്‍
അലക്സാഡ്രിയയൗടെ പുരാതന പ്രൗഡിയില്‍
നിന്നും മുദ്രാവാക്യങ്ങള്‍ നിര്‍മ്മിക്കുന്നവര്‍
വര്‍ണ്ണങ്ങളിലേക്ക് വീണ്ടും വീണ്ടും
നിറക്കൂട്ടു ചാലിക്കുന്നവര്‍.

ബഹ്റൈന്‍ സ്റ്റാളില്‍
പരമ്പരാഗത രീതിയില്‍ മുങ്ങിയെടുത്ത
മുത്തുകള്‍.
മനാമയിലെ മുത്തു ചത്വരത്തില്‍
മനുഷ്യാഭിമാനത്തിന്റെ
ആരവത്തില്‍ സംഗീതം നല്‍കിയ
''ബഹുമാനിക്കപ്പെടുന്നുവെന്നിപ്പോള്‍ തോനുന്നു'' എന്ന
ഗാനം
മാനിക്വിന്നുകളില്‍ ബഹുസ്വരം
കാതോര്‍ക്കുന്ന വസ്ത്രങ്ങള്‍.
മുങ്ങി തപ്പിയെടുത്ത മുക്കുവരെ തിരഞ്ഞ്
മുത്തു മണികള്‍
കൊട്ടാരങ്ങളില്‍ നിന്നിറങ്ങിവന്നിരിക്കുന്നു.


കളിക്കളത്തിലെ ഗൃഹാതുരത്വതട്ടിപ്പില്‍ നിന്നും
പ്ലാസ്റ്റിക് വുവുസേലയെ മോചിപ്പിച്ച്
ബാല്യകാല ഓലപീപ്പിളിയുടെ
ശബ്ദസൗകുമാര്യം ശഠിച്ച്
രാഷ്ട്രീയതിന്റെ ഗാലറിയാരവം ഉയര്‍ത്തുന്നു

ജനാധിപത്യ മുദ്രയുള്ള വാക്യങ്ങളണിഞ്ഞ
കവിതകള്‍
കാര്യരസം കൂടി വരുന്ന കഥകള്‍.

മുഷ്ടിത്തിരമാലകളാല്‍ ഛേദിക്കപ്പെട്ടേക്കാവുന്ന
കപ്പലുകള്‍ക്കുള്ളില്‍
ആലസ്യത്തിന്റെ മട്ടുപ്പാവില്‍
ജലഘടികാരതിന്റെ ക്ലിഷ്ടാന്തോളനത്തില്‍
അധികാര കറുപ്പു ചഷകങ്ങളെ ചുംബിച്ച്
സമയം പോക്കിയവര്‍
ഞെട്ടിപ്പിടഞ്ഞെണീറ്റ്
പഴയ ദൂരദര്‍ശനികള്‍ തപ്പിത്തിരയുന്നു.

പുറപ്പെട്ട കാറ്റിനൊപ്പം
പിസ്തയും ബദാമും വാനിലയും
ഹെയ്സല്‍ കുരുക്കളും ഒലീവിനുമൊപ്പം
സോഷ്യല്‍നെറ്റ്വര്‍ക്കുകളില്‍ കോര്‍ന്ന്
സൈബര്‍സ്പേസില്‍ ഒത്തുകൂടി
അതിരുകള്‍ക്കും മുകളിലൂടെ
സ്വാതന്ത്ര്യ ചത്വരത്തിലേക്കിറങ്ങുന്ന
പ്രാക്കൂട്ടം.

17 അഭിപ്രായങ്ങൾ:

  1. പലരെയും കണ്ടു. എന്നിട്ടും ഈ നാട്ടുകാരനെ കണ്ടില്ലാ ല്ലേ..!
    (നന്നായി ആസ്വദിച്ചു ഭായീ)

    മറുപടിഇല്ലാതാക്കൂ
  2. കണ്ണൂരാന്‍ വഴി ഇവിടെ എത്തി .

    ഒരു പാട് പേരെ കണ്ടു
    ആശംസകള്‍..!!

    മറുപടിഇല്ലാതാക്കൂ
  3. ആഹാ ,,ഇത് കാട്ടിത്തന്ന കണ്ണൂരാന് ആദ്യ സല്യുട്ട് , വളരെ നന്നായി പറഞ്ഞു കാര്യങ്ങള്‍ ,,വീണ്ടും കാണാം .

    മറുപടിഇല്ലാതാക്കൂ
  4. ആഹ..ഇതുകൊള്ളാം.നല്ല എഴുത്ത്.എല്ലാ കാര്യങ്ങളും രസകരമായി സ്പര്‍ശിച്ചു.....സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  5. കണ്ണൂരാനിലൂടെ,
    “കലക്കി……..”

    മറുപടിഇല്ലാതാക്കൂ
  6. നന്നായി എഴുതിയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  7. ഇതിനൊരു വ്യത്യസ്തതയുണ്ടല്ലോ...

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട് മാഷേ. നന്നായി തന്നെ വായിപ്പിച്ചു കേട്ടോ. ഇവിടേയ്ക്ക് പറഞ്ഞയച്ച കണ്ണൂരാന് thanx.
    can u pls remove word veri..?

    മറുപടിഇല്ലാതാക്കൂ
  9. വിത്യസ്തമായ വീക്ഷണമുള്ള എഴുത്ത്, ഇഷ്ടമായി..

    കണ്ണൂരാന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  10. വായിച്ചു പണ്ടാരടങ്ങിക്കൊ എന്നു കരുതിയാണോ ഈ ലിങ്ക് കണ്ണൂരാൻ തന്നതെന്നറിയില്ല.
    നീളം കൂടിയതാണെങ്കിലും പോസ്റ്റ് ഗംഭീരമായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  11. ഈ പോസ്റ്റ് ഗംഭീരമാണല്ലോ. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  12. സൂപ്പർ പോസ്റ്റ്..
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  13. മധുരം കാരക്കയുടെ കാഠിന്യത്തിനകത്തു
    ഞെങ്ങി ഞെരുങ്ങിക്കഴിയവെ
    മലബാറില്‍ നിന്നു വരുന്ന
    വാഴപ്പഴത്തിലും
    തെക്കുകിഴക്കേഷ്യയുടെ ചെറുതേനിലും
    മധുരം ഏറെ മധുരിച്ചുപോയിരികുന്നത്
    മധ്യേഷ്യയിലെത്തുമ്പോഴാണു.

    ഇവിടേക്ക് വഴികാട്ടിയത് കണ്ണൂരാനാ‍ണ് .
    മധ്യപൂര്‍വ്വദേശത്തെയല്ല ലോകത്തിന്റെ പുരാതനവും നാവീനവുമായ കാഴ്ചകളൂം സംസ്കാരങ്ങളൂം നിരത്തി ഇമ്മിണിവലുപ്പതിൽ എഴുതിയ കവിത കാവ്യമായില്ലങ്കിലും രുചികുറവ് വരുത്തുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  14. great way of illustration...vivid ideas and creative story telling style.....keep writing gentleman....

    മറുപടിഇല്ലാതാക്കൂ
  15. നന്നായി എഴുതിയിരിക്കുന്നു നീ.ആശംസകൾ

    മറുപടിഇല്ലാതാക്കൂ