ഖരം -ഹൃസ്വം
---------------------------
ഇന്ദ്രാണിയുടെഅമ്മ രാധ
രാധയുടെ അമ്മ ചന്ദ്രിക
അവരുടെ അമ്മ അനിത
അവരുടെ അമ്മ ദിവ്യ
സുധ, ദീപ്തി ,സുഭദ്ര ,മംഗള..
മംഗളയുടെ അമ്മ സീത മരിച്ചപ്പോൾ
പറഞ്ഞു വച്ചിരുന്നപോലെ കുഴിച്ചിട്ടു.
അവർക്കു ഭൂമിയുണ്ടായിരുന്നു
പശിമയുള്ള മണ്ണിനോടുള്ള പാശവും.
മൃതമെങ്കിലും വേരുകളെ
സഞ്ജീവനിയായി പുല്കുവാൻ
മരങ്ങളുണ്ടായിരുന്നു.
ദ്രാവകം- ദീർഘം
-----------------------------
മംഗള പറഞ്ഞുവച്ചിരുന്നപോലെ
ശരീരം മെഡിക്കൽ കോളേജിലേക്ക് നൽകി
വിപ്ലവ പ്ലവനബോധ ബാധിതയവർക്ക്
ശാസ്ത്ര മേളയിൽ കണ്ട -
രാസലായിനിയിൽ കിടക്കുന്ന
ജന്തു ജഡാഭിമുഖ്യമുണ്ടായിരുന്നു
.
പണ്ടേ കുളത്തിലെ ജലനിരപ്പിൽ
ശ്വാസം തടഞ്ഞ്
സത്ത്പോയപോലെ
പൊന്തിക്കിടന്നിരുന്നവർ
സംഭോഗാശയത്തിൽ മലർന്നും
കമിഴ്ന്നും പൊന്തിക്കിടന്നു
പൊന്തുപോലെങ്കിലും
ജഘന നൂലിൽ കെട്ടിയ
ചൂണ്ടൽ കൊളുത്തിൽ
സ്വയം കോർന്ന്
കൊത്ത് കാത്തിരുന്നു
അതിന് കുളത്തിൽ
ആവാസ വ്യവസ്ഥയുണ്ടായിരുന്നു.
വാതകം -പ്ലുതം
----------------------------
സുഭദ്ര മുതൽ
ഇന്ദ്രാണിവരെയുള്ളവർ
ശ്വാസമാത്ര കൂടുതലെടുത്ത്
ജീവൻ ശ്വസിച്ചു
ചിതയിൽ വെക്കണംന്ന്
പറഞ്ഞുവച്ചില്ല
ചിരിതൂകി കളിയാടി
ഭവസാഗരം താണ്ടി.*
----------------------------------
ഭവസാഗരം==Worldly woes*
പറഞ്ഞുവച്ചത് എന്തായിരുന്നു ജയാ?
മറുപടിഇല്ലാതാക്കൂമൂന്നു അവസ്ഥകൾ തിരിച്ചു ഒന്നിലേക്ക് നല്ല അവതരണം പുതുമയുള്ള ശൈലി
മറുപടിഇല്ലാതാക്കൂ