http://jayanedakkat.blogspot.com/

2017, ഡിസംബർ 30, ശനിയാഴ്‌ച

പഴയ കവിതകളിലെ പ്രേമം അനുകരിക്കാനുള്ള ശ്രമങ്ങൾ


അസ്ഥി നിബദ്ധമായ രാഗം
 തേടിപ്പോയ സിറിഞ്ചുകൾ
മാംസത്തിൽ പുതഞ്ഞിരിക്കുമ്പോൾ
വേദനകൊണ്ട് പുളയാത്ത രംഗം
അഭിനയിക്കാനാവശ്യപ്പെടുന്ന
ആൺനേഴ്സ്  ഒരു തികഞ്ഞ
നാസ്തികനാണെന്നു
തെറ്റിദ്ധരിക്കാനിടയുണ്ട് .

അകവും പുറവുമില്ലാത്ത
രാഗമാംസത്തിന്‌
ഒരു വിപരീതമുണ്ടാക്കാൻ
അടുക്കളക്കു  പിറകിലും
വിദ്യാലയമുറ്റത്തും
പച്ചക്കറികൾ നട്ടുവളർത്തനുള്ള
അവളുടെ തീരുമാനത്തെ
ജൈവമെന്നു തെറ്റിദ്ധരിക്കാനിടയുണ്ട്

പ്രണയിക്കുമ്പോൾ ഞങ്ങൾ
അനുകരിക്കുകയായിരുന്നില്ലെന്ന്
ഞങ്ങളെ ബോദ്ധ്യപ്പെടുത്താൻ
പരാജയപ്പെട്ടതുകൊണ്ടാണ്
കടലോരത്തോടു ചേർന്നുള്ള
പാർക്കിലെ
പുൽത്തകിടിയിൽവച്ചുതന്നെ
ഞങ്ങൾ പിറന്നുവീണത്‌.

എന്നിട്ടും ,
പന്ത്രണ്ടാം ക്ലാസ്സിൽ വച്ച്
രഹസ്യമായി കണ്ട രംഗങ്ങൾ
അനുകരിക്കുകമാത്രമാണ്
ചെയ്തതെന്ന്
വെപ്രാളത്തിനിടയിൽ
ബട്ടണുകൾ പൊട്ടിയിട്ടും
ഞങ്ങൾ സമ്മതിച്ചില്ല

ഒരു വ്യത്യസ്ഥതക്കുവേണ്ടി,
പഴയ പ്രേമരംഗങ്ങൾ കൂട്ടിയിട്ട
അണിയറയിൽവച്ച്
ചെയ്തുകൂട്ടിയ വിസർഗ്ഗക്രിയകൾ
സർഗ്ഗമാണെന്നു പ്രഖ്യാപിച്ച്
ഞങ്ങൾ പെറ്റുപെരുകാൻ പോകയാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ