http://jayanedakkat.blogspot.com/

2018, നവംബർ 11, ഞായറാഴ്‌ച

ജലതരംഗം


നെറ്റ്സ്‌ലോ ആയൊരു തൃസന്ധ്യ
പുകഞ്ഞു കത്തുന്നു
സാന്ധ്യഛവിയിൽനിന്ന്   ഒരു പകൽനേരം
പോക്കുന്നു
ടവർ വേഗം കിട്ടാനായ്
വീടിനുപുറത്തെ 'മൈലെള്ള്'
എന്നുപേരുള്ള വൃക്ഷത്തിൻറെ ചുവട്ടിലേക്ക്
മാറിയിരിക്കുന്നു ലാപ്ടോപ്

കുശപ്പുല്ലും കറുകയും നിരന്നിടത്തേക്കു
മാറിയെങ്കിലും
നെറ്റ് പഴയപടി തന്നെ

കൃഷ്ണസാത്മ്യമുണ്ടാക്കുന്ന
കവിളുള്ളവൾക്കു വിളിച്ചുചോദിക്കാമെന്നു
വിചാരിച്ചാൽ
അവൾ കുട്ടിക്കാലത്തേക്ക് വിനോദയാത്ര
പോയിരിക്കുകയാണ്
അവിടുന്ന് ശിലായുഗത്തിലേക്കു പോകും
മരുന്നുകൾ ഉണ്ടാകുന്ന മന്ത്രമാണ് വിഷയം

'വയ്യങ്കതാവ്' എന്ന ഓഷധി
വാത്മീകത്തോടുകൂടിയിരിക്കുന്നിടത്തേക്ക്
മാറിയിരുന്ന്
മരാ മരാ മരാ മരാ മരാ മരാ മരാ
മരാ മരാ മരാ മരാ മരാ മരാ മരാ
എന്ന് കുറേ ജപിച്ചെങ്കിലും
നെറ്റ് വേഗം കൂടിയില്ല

തരംഗരൂപത്തിൽ സഞ്ചരിച്ചിരുന്ന
ജലത്തെപ്പറ്റി
ചോദിക്കേണ്ട സമയമിതല്ലെങ്കിലും
ഒരു ടവറിൽനിന്നും മറ്റൊരു ടവറിലേക്കുള്ള
തരംഗദൈർഘ്യത്തിൽ  ഞെരുങ്ങി
ഋതുക്കൾ വരാൻ വൈകുന്നത്
ജലപ്രായമായ പെൺകുട്ടിയുടെ
സ്‌നിഗ്‌ദ്ധങ്ങളായിട്ടുള്ള
മുടിയിഴകളെ ബാധിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ