http://jayanedakkat.blogspot.com/

2019, മാർച്ച് 25, തിങ്കളാഴ്‌ച

ഒരേമരണവീട്ടിലേക്ക് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിക്കാതെ സഞ്ചരിക്കുന്നതിന്റെ സാങ്കേതികത്വം


ഒന്ന്
------
മധ്യവേനലവുധിക്കു തൊട്ടുമുൻപ്
മരണവീട്ടിലേക്ക് കൊച്ചിമെട്രോയിൽ
യാത്രചെയ്യുമ്പോൾ
തൊട്ടുരുമ്മിയേ നിൽക്കേണ്ടാത്ത
വിനോദയാത്രികരാം കുടുംബത്തോട്
ഒന്നും മിണ്ടേണ്ടതില്ലെന്ന നിഗൂഢ
സന്തോഷം ഇരച്ചുകയറുന്നു
മരിച്ച ദുഃഖത്തിൽനിന്നങ്ങിനെ
വിടുതൽ കിട്ടുന്നു 

രണ്ട്
-----
മധ്യവേനലവുധിക്കു തൊട്ടുമുൻപ്
ജയന്തിജനതട്രെയിനിൽ യാത്രചെയ്യുമ്പോൾ
തൊട്ടുരുമ്മിയിരിക്കുന്ന
ശബരിമല തീർത്ഥാടകരോട്‌
ചിരിക്കാതെ ,മിണ്ടാതെ ,ഒരുകുടുംബം
അമ്മയും അച്ഛനും രണ്ടുമക്കളും
മകൻറെ കുട്ടിയും.
നിശബ്ദതയിൽ വീർപ്പുമുട്ടി
യാത്രികരെ ആന്ത്രാപ്പാടങ്ങളിലുപേക്ഷിച്ച്‌
ട്രെയിൻ സൂര്യകാന്തിപ്പാടത്തിലൂടെ
  മറയുന്നു
പ്രതീക്ഷിച്ച വേനൽമഴയിൽ
കുടപറന്നുപോയവരെപ്പോലെ
കുറച്ചുനേരം മേൽപ്പോട്ടുനോക്കിനിന്നശേഷം
മഴന്നനഞ്ഞ കുടുംബം
ശവസംസ്കാരച്ചടങ്ങിനെക്കുറിച്ചു
 മറന്നുപോയി

മൂന്ന്
---------
മധ്യവേനലവുധിക്ക്‌ തൊട്ടുമുൻപ്
മരണവീട്ടിലേക്കുള്ള ദൂരം
അതിവേഗം താണ്ടുന്ന
ദില്ലി നിസാമുദ്ധീൻ എക്സ്പ്രസ്സ് ;
വാർഷീകപ്പരീക്ഷ കഴിഞ്ഞെന്നപോലെ
റവലഡ്ഡുവും മൈസൂർപ്പാക്കും
അതിരസവും വിളമ്പുന്നു .
കൊങ്കിണിയിൽ
അന്ത്യാക്ഷരികളിക്കുന്നുണ്ടവർ
മർമ്മ ഗോവയിൽനിന്നുംകയറിയ ഫെനി*
കൊച്ചിയെത്തുംവരെ വാചാലമായിട്ടുണ്ട്
അനന്തപൈയുടെ
 അമർചിത്രകഥകൾ കേൾക്കാൻ
മന്ദമാകുന്ന റയിൽമാറ്റൊലി
മരിച്ചത് മറന്നതിനാൽ
കൊച്ചിയെത്തിയപ്പോൾ
പൈബ്രദേഴ്‌സിന്റെ തട്ടുകടയിൽ കയറി
എല്ലാവരും ദോശകഴിക്കാനിരുന്നു .
------------------------------------------
*  ഗോവൻ മദ്യം 








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ