http://jayanedakkat.blogspot.com/

2019, മേയ് 26, ഞായറാഴ്‌ച

കുരുടിവയർ രജ്ജുസർപ്പത്തെ വിഴുങ്ങുന്നു

കുരുടിവയർ രജ്ജുസർപ്പത്തെ വിഴുങ്ങുന്നു

പണ്ടത്തെ ആൾക്കാർ പാടത്തുപണിക്കായി
വീണ്ടുംപോയാൽ നടവഴിയിൽ
തണുത്തമണ്ണിനെ പുണർന്ന്
കുരുടനായ കറുത്ത  അവൻ 
ആരുടേയും വഴിമുടക്കാതെ
കിടക്കുന്നതു കാണുമെന്ന്
അശ്വതിയുടെ അമ്മയുടെഅമ്മ
മകൾ കാളിയോട് പറഞ്ഞപ്പോൾ
കറുപ്പിന്റെ നിഷ്‌ക്കരുണ കാർബൺഡേറ്റിംഗിൽ   
കറുത്ത അസ്ഥികളുള്ള പക്ഷികൾ
മണ്ണിനടിയിലൂടെ പറന്നുപോകുന്നതും
മരവേരുകളുടെ ഏറ്റവും അറ്റത്ത് അവ
കൂടുകൂട്ടി ചേക്കേറുന്നതും അശ്വതി കണ്ടു

അകവും പുറവും തങ്ങിനിൽക്കുന്ന
കറുത്തഖണ്ഡം
മൃദുഭാവം തരളരൂപം
ഇതിൽക്കൂടുതൽ എന്തുവേണം
അവനെ കയ്യിലെടുക്കാൻ ..?

എന്നാൽ അങ്ങിനെയല്ല ചെറിയൊരു
കറുത്ത വയർകഷ്ണമാണെന്നു കരുതി
എടുത്തതാണ്
ഉള്ളിലെ ചെമ്പുകമ്പിനാരുകൾ
കടിച്ചുവലിച്ചെടുത്തതാകാം
ദന്തക്ഷതമേറ്റിട്ടുണ്ട്

കിട്ടിയപാടെ വായിലേക്കെടുക്കും മുൻപ്
മാംസം ജീവന്റെ ഉത്തമചാലകമാണ്
എന്നൊരു പിടയൽ
ഭയമോടെ തിരികെ എറിയുന്നതോടെ
കുരുടിപ്പാമ്പിനോടുള്ള പേടി
മാഞ്ഞുപോകുന്നു
----------------------------------------
അദ്വൈത വേദാന്തത്തിൽ  അദ്ധ്യാസമെന്ന പ്രക്രിയ ഉണ്ട് .ഒരുവസ്തുവിനെ വേറൊരു വസ്തുവായി കാണുന്ന അദ്ധ്യാസം (ഈ  ലോകം മിഥ്യയാണെന്നു പറയാൻ ആദിശങ്കരാചാര്യർ ഉപയോഗിക്കുന്ന സൈദ്ധാന്തിക അദ്ധ്യാത്മികരീതി THEORETICAL  METAPHYSICS  )
ഉദാ :-- കയറിനെ പാമ്പായി കാണൽ (രജ്ജുസർപ്പം -രജ്ജു=കയർ , സർപ്പം=പാമ്പ്.സന്ധ്യക്കു അരണ്ട വെളിച്ചത്തിൽ കിടക്കുന്ന കയർ  കഷ്ണം പാമ്പാണെന്ന്  തെറ്റിദ്ധരിക്കൽ .നൈയ്യായികന്മാർ ഇതിനെ ഭ്രമം എന്ന് വിശേഷിപ്പിക്കുന്നു .) ഈ പ്രക്രിയയിൽ അധിഷ്ഠാനം സത്യമായിരിക്കും അതിൽ തോന്നുന്നത് മിഥ്യയും .അധിഷ്ഠാനമായ കയർ സത്യത്തിൽ അവിടെ ഉള്ളതാണ് .അതിൽ തോന്നിയ പാമ്പ് മിഥ്യയും .
കവിതയിൽ ജീവനുള്ള കുരുടിപ്പാമ്പിനെ ജീവനില്ലാത്ത വയർകഷ്ണമായി തെറ്റിദ്ധരിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ