http://jayanedakkat.blogspot.com/

2019, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

കശ്മീർകുങ്കുമം വഹിക്കുന്ന ഗർദ്ദഭം

കശ്മീർകുങ്കുമം വഹിക്കുന്ന ഗർദ്ദഭം
----------------------------------------------------
രാജ്യസഭയും ലോക്‌സഭയും കടന്ന്
രണ്ട് ചന്ദനത്തിരിയിൽനിന്നുള്ള
ഈള് പുക വളഞ്ഞുലഞ്ഞ്
കുറച്ചു സഞ്ചരിച്ചു
പിന്നെ പരന്നു മറഞ്ഞുപോയി
എങ്കിലും എല്ലായിടത്തും
ഗന്ധം തങ്ങിനിൽക്കുന്നു
കിഴക്കേ ഗോപുരവാതിലിലും
പടിഞ്ഞാറേ ഗോപുരവാതിലിലും
പോലീസുകാരുടെ എണ്ണം കൂടിയിട്ടുണ്ട്
എക്സ്പ്ലോസീവ്ഡിറ്റക്റ്റർ  പ്രവർത്തിക്കുന്നുണ്ട്

ചലിക്കുന്ന ആ  അചരനെ
ജൈവമേ കാത്തുരക്ഷിച്ചീടുകെന്നെ
അജൈവമേ കാത്തുകൊൾകെന്നെ
എന്നിങ്ങനെ സന്ദേഹപ്പെട്ട്
അതും മറഞ്ഞുപോയി
എന്തോ ബാക്കിയാക്കിയിട്ട്

മരണവീട്ടിലും ദേവാലയത്തിലും
പിറന്നാളിനും വ്യത്യസ്ഥ ഗന്ധം
പുറപ്പെടുവിക്കുന്ന ഒരേ ചന്ദനത്തിരികൾ
 ഫിറമോണുകളാണ്

കശ്‍മീരികുങ്കുമ സ്മരണയുണ്ടാക്കിയ
ഒരു ചന്ദനത്തിരിയുടെ ഗന്ധത്താൽ
 മഗ്നമായൊരു പാചകക്കാരൻ
ഗുരുവായൂരിലെ ഹോട്ടലിൽ
തിരക്കുകുറഞ്ഞൊരു വ്യാഴാഴ്ച
ഉച്ചതിരിഞ്ഞ്
നെയ്‌റോസ്റ്റ് കല്ലിൽകിടന്നു
കരിഞ്ഞതേ അറിഞ്ഞില്ലായിരുന്നു

കരിഞ്ഞ റോസ്റ്റിന്റെ
 ഗന്ധത്തിൽനിന്ന്
ഗോമാംസം വേവുന്ന
സ്മരണകിട്ടിയൊരാൾ
(അയാൾ ആ ഹോട്ടലുടമയാകാം )
ഉറക്കെ ശകാരിക്കുന്നത് കേൾക്കാം
അത് പക്ഷെ ആ പാചകക്കാരനോട്
തന്നെയാകണമെന്നില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ